
രാജ്യത്ത് ദീപാവലി ദിനം അടുത്തുവരികയാണ്. ജനങ്ങളെല്ലാം ദീപാവലി ആഘോഷിക്കാനായി പലവിധത്തിൽ ഒരുങ്ങിക്കഴിഞ്ഞു. വസ്ത്രങ്ങളും, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും, സ്വർണവും മറ്റുമായി ആളുകൾ പർച്ചേസുകളും ആരംഭിച്ചു കഴിഞ്ഞു. ദീപാവലയുടെ ആദ്യ ദിനമായ, ധൻതേരസ് എന്നറിയപ്പെടുന്ന ഇന്നത്തെ ദിവസത്തിന് വലിയ പ്രാധാന്യമുണ്ട്. ആ ദിവസം സ്വർണവും വെള്ളിയും വാങ്ങിയാൽ ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ നേരിട്ട് പോയി വാങ്ങാൻ കഴിയാത്തവർക്ക് ഓൺലൈനായി വാങ്ങാനുള്ള സംവിധാനം ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ ഏർപ്പെടുത്തിയിരുന്നു.
ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകളാണ് സ്വർണം, വെള്ളി തുടങ്ങിയവ വീട്ടുപടിക്കലെത്തിച്ചത്. ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കാനായി നിരവധി ഡെലിവറി ഓഫറുകളും ഇവർ നൽകിയിരുന്നു.
10 മിനുട്ടിനുള്ളിൽ വീടുകളിലേക്ക് സ്വർണവും വെള്ളിയും എത്തിക്കുമെന്നാണ് ബ്ലിങ്കിറ്റ് അവകാശപ്പെട്ടത്. 1 ഗ്രാം ലോട്ടസ് ഗോൾഡ് ബാർ, 0.5g ലോട്ടസ് ഗോൾഡ് കോയിൻ, 10 ഗ്രാം ലക്ഷ്മി ഗണേഷ് സിൽവർ കോയിൻ എന്നിവ ബ്ലിങ്കിറ്റിൽ ലഭിക്കുന്നുണ്ടായിരുന്നു. എല്ലാ പ്രൊഡക്ടുകളും MMTC-PAMPയുടെ സുരക്ഷാ പ്രോട്ടോകോളുകൾ പാലിക്കുന്നവയാകും. തുറക്കാൻ പറ്റാത്ത വിധത്തിൽ, ഓപ്പൺ ബോക്സ് ഡെലിവറി ആയി അതീവ സുരക്ഷയോടെ സ്വർണവും വെള്ളിയും വീടുകളിലേക്കെത്തിക്കുകയാണ് ബ്ലിങ്കിറ്റ് ചെയ്‌തത് എന്നാണ് അവകാശപ്പെട്ടത്.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ടും പ്രത്യേക ഓഫറുകൾ നൽകിയിരുന്നു. ഒരു കിലോഗ്രാം സിൽവർ കോയിൻ ബ്രിക്സുകൾ, സ്വർണം, വെള്ളി കോയിനുകൾ തുടങ്ങിയവ വീടുകളിലേക്ക് മിനിറ്റുകൾക്കുള്ളിൽ എത്തിക്കുമെന്നാണ് സ്വിഗ്ഗി അവകാശപ്പെട്ടത്. 0.1ഗ്രാം മുതൽ 10ഗ്രാം വരെയുള്ള സ്വർണം ഒരാൾക്ക് വാങ്ങാനാകും. കല്യാൺ ജ്വല്ലറി, മുത്തൂറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്, മുത്തൂറ്റ് എക്സിം, MMTC-PAMP തുടങ്ങിയ നിരവധി സ്ഥാപനങ്ങളുമായി സ്വിഗ്ഗി കൈകോർത്തിട്ടുണ്ട്.
സെപ്റ്റോ, ബിഗ്‌ബാസ്കറ്റ്, ആമസോൺ തുടങ്ങിയവരും സ്വർണം, വെള്ളി ഡെലിവറിയുമായി രംഗത്തുണ്ടായിരുന്നു. 10 മിനുട്ടിൽ എത്തിക്കുമെന്നായിരുന്നു ഇവരുടെയും അവകാശവാദം. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്‌ബാസ്കറ്റ് തനിഷ്‌കുമായി കൈകോർത്തിരുന്നു. ലക്ഷ്മി ഗണേഷ് കോയിൻ, സിൽവർ കോയിനുകൾ, തനിഷ്‌ക് 22 കാരറ്റ് ഗോൾഡ് കോയിനുകൾ, ലക്ഷ്മീദേവിയുടെ നാണയങ്ങൾ കൊണ്ടുള്ള കോയിനുകൾ എന്നിവ ബിഗ്‌ബാസ്കറ്റ് ഡെലിവറി ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്നു.
കാരറ്റ് ലെയ്ൻ, പി എൻ ഗാഡ്ഗിൽ, ജോയ് ആലുക്കാസ്, പിസി ചന്ദ്ര, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരുമായിട്ടാണ് സ്വർണം വെള്ളി ഡെലിവറിക്കായി ആമസോൺ കൈകോർത്തത്. ആമസോൺ 20% വിലക്കുറവും വാഗ്ദാനം ചെയ്തിരുന്നു. ബാങ്ക് ഡിസ്‌കൗണ്ടുകൾ, ക്യാഷ് കൂപ്പണുകൾ എന്നിവയും നൽകുകയുണ്ടായി.
ഇവ കൂടാതെ തനിഷ്‌ക്, കല്യാൺ ജ്വല്ലറി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ്, പി എം ഗാഡ്ഗിൽ ആൻഡ് സൺസ്, പി സി ചന്ദ്ര, സെൻകോ എന്നിവരുടെ ഷോറൂമിലും പ്രത്യേക ഓഫറുകൾ ഉണ്ടായിരുന്നു.
Content Highlights: various online delivery platforms provide gold and silver at home due to Dhanteras