സ്വർണവില വർധിക്കുന്നത് ഒരു വലിയ സൂചന?; ലോകം വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് എന്ന സൂചനയെന്ന് ശ്രീധർ വെമ്പു

ആഗോള വിപണിയിലെ മൂല്യത്തകർച്ചകൾ, കടബാധ്യത ഉയരുന്നത് സംബന്ധിച്ച ആശങ്കകൾ എന്നിവ വീണ്ടും വലിയ ചർച്ചാവിഷയമായിരിക്കെയാണ് വെമ്പുവിന്റെ ഈ പ്രസ്താവന

സ്വർണവില വർധിക്കുന്നത് ഒരു വലിയ സൂചന?; ലോകം വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്ക് എന്ന സൂചനയെന്ന് ശ്രീധർ വെമ്പു
dot image

സ്വർണവില വർധിച്ചുകൊണ്ടേയിരിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്തയിലുള്ള സമ്മർദ്ദത്തിന്റെ സൂചനയെന്ന് സോഹോ സഹസ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു. യുഎസ് സമ്പദ്‌വ്യവസ്ഥയിലുള്ള സ്വാധീനവും മറ്റും ഏറ്റവും ഉയർന്ന തലത്തിലാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ 2008 -09ലേതുപോലെയുള്ള ഒരു ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും വെമ്പു പറഞ്ഞു.

ഐഎംഎഫ് മുൻ ചീഫ് ഇക്കണോമിസ്റ്റ് ആയ ഗീത ഗോപിനാഥിന്റെ ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീധർ വെമ്പു ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. യുഎസ് ഇക്വിറ്റികളിൽ ഉള്ള ലോകത്തിന്റെ എക്സ്പോഷർ സർവകാല റെക്കോർഡിലാണ് നിൽക്കുന്നത് എന്നും സ്റ്റോക്ക് മാർക്കറ്റിൽ ഒരു തിരുത്തൽ വരുത്തുക എന്നത് വലിയ പ്രത്യാഘതങ്ങൾ ഉണ്ടാക്കുമെന്നുമാണ് ഗീത ഗോപിനാഥ് പറഞ്ഞത്. താരിഫ് യുദ്ധങ്ങളും മറ്റും ഈ സ്ഥിതിയെ സങ്കീർണമാക്കുകയാണ്. അസന്തുലിതമായ വ്യാപാരമല്ല, അസന്തുലിതവുമായ വളർച്ചയാണ് പ്രശ്നം. യുഎസ് ഒഴികെയുള്ള എല്ലാ രാജ്യങ്ങളിലും ഉയർന്ന വളർച്ചയും റിട്ടേർണുകളും വേണം എന്നാണ് ഗീത ഗോപിനാഥ് പറഞ്ഞത്.

ഇതിന് മറുപടിയായിട്ടായിരുന്നു സ്വർണത്തെപ്പറ്റിയുള്ള വെമ്പുവിന്റെ പരാമർശം ഉണ്ടായത്. യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഊതിവീർപ്പിച്ച ഒരു കുമിള കണക്കെയാണ് എന്ന് പറയുന്ന വെമ്പു മറ്റൊരു ആഗോള സാമ്പത്തിക പ്രതിസന്ധി പ്രവചിക്കുകയാണ്. സ്വർണവില വേഗത്തിൽ വർധിച്ചുകൊണ്ടേയിരിക്കുന്നത് ഒരു മുന്നറിയിപ്പാണ് എന്നും സ്വർണത്തെ താൻ ഒരു നിക്ഷേപമായല്ല കാണുന്നത്, മറിച്ച് സാമ്പത്തിക പ്രതിസന്ധിക്കെതിരായ ഒരു ഇൻഷുറൻസ് എന്ന രീതിയിലാണ് എന്നും വെമ്പു പറയുന്നു. സമ്പത്ത് എന്നത് ഒരു വിശ്വാസമാണെന്നും കടം ഇത്തരത്തിൽ ഉയരുന്നത് വിശ്വാസം തകരാൻ കാരണമായേക്കും എന്നും വെമ്പു പറയുന്നു.

ആഗോള വിപണിയിലെ മൂല്യത്തകർച്ചകൾ, കടബാധ്യത ഉയരുന്നത് സംബന്ധിച്ച ആശങ്കകൾ എന്നിവ വീണ്ടും വലിയ ചർച്ചാവിഷയമായിരിക്കെയാണ് വെമ്പുവിന്റെ ഈ പ്രസ്താവന. സ്വർണവിലയിലെ ഈ വർധനവ് ആശ്വാസത്തിന്റെയല്ല ഭയത്തിന്റെ സൂചനകളാണെന്ന് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടാറുണ്ട്. പണപ്പെരുപ്പം, മാന്ദ്യം എന്നിവ പ്രതീക്ഷിക്കുമ്പോഴോ നിക്ഷേപകർക്ക് സാമ്പത്തിക വിപണികളിൽ വിശ്വാസം നഷ്ടപ്പെടുമ്പോഴോ ആണ് സ്വർണത്തിന്റെ വില സാധാരണയായി ഉയരുക. സമ്പദ്‌വ്യവസ്ഥയിൽ ഉള്ള വിശ്വാസക്കുറവ് സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. ഇങ്ങനെ നോക്കുമ്പോൾ സ്വർണവിലയിൽ ഇപ്പോഴുള്ള വർധനവ് വെമ്പു സൂചിപ്പിച്ച മറ്റൊരു ആഗോള പ്രതിസന്ധിയുടെ സൂചനയാണോ എന്ന സംശയം ഉയരുന്നത്.

Content Highlights: sridhar vembu on gold prices and stock market

dot image
To advertise here,contact us
dot image