
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്, യുപിഐ അമേരിക്കയുടെ വീസ കാര്‍ഡിനെയും മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം പണമിടപാട് സംവിധാനമായ യുപിഐയിലൂടെ ഒരു ദിവസം നടക്കുന്ന ഇടപാടുകള്‍ 64 കോടിയാണെന്ന് രാജ്യാന്തര നാണ്യനിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം അമേരിക്കയുടെ വിസയിലൂടെയുള്ള ഇടപാടുകള്‍ 63.9 കോടിയാണ്. 2016ല്‍ പ്രവര്‍ത്തനമാരംഭിച്ച യുപിഐ ഒമ്പത് വര്‍ഷമാകുമ്പോഴാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ലോകമൊട്ടാകെ നടക്കുന്ന തത്സമയ അതിവേഗ പണമിടപാടില്‍ അമ്പത് ശതമാനവും യുപിഐ വഴിയാണ്. കഴിഞ്ഞവര്‍ഷം ജൂണില്‍ 1388 കോടി ഇടപാടുകള്‍ യുപിഐ വഴി നടന്നപ്പോള്‍, ഈ വര്‍ഷം ജൂണില്‍ അത് 1839 കോടിയാണ്. ഇടപാടുകളില്‍ ഒരു വര്‍ഷം കൊണ്ട് 32 ശതമാനം വളര്‍ച്ചയാണ് യുപിഐ നേടിയത്.
നിലവില്‍ 49 കോടിയിലധികം വ്യക്തികള്‍ക്കും ആറരക്കോടിയോളം കച്ചവടക്കാര്‍ക്കും യുപിഐ സേവനം ലഭിക്കുന്നുണ്ട്. ഇതിലൂടെ 675 ബാങ്കുകളാണ് യുപിഐയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ആമസോണ്‍ പേ, ക്രെഡിറ്റ്, ഭീം ആപ്പുകള്‍ വഴിയാണ് യുപിഐ ഇടപാടുകള്‍ നടക്കുന്നത്.
Content Highlights: UPI surpassed Visa in daily transaction Volume