
ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ പിതാവും സെർവോടെക് കമ്പനിയുടെ ആഗോള ഉപദേശക സമിതി അംഗവുമായ എറോൾ മസ്ക് ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി അയോധ്യയിലെ രാമക്ഷേത്രവും സന്ദർശിക്കുമെന്ന് പിടിഐ. ഞായറാഴ്ചയാണ് എറോൺ മസ്ക് 5 ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയത്.
ജൂൺ 2 ന് സെർവോടെക് കമ്പനിയുടെ പോളിസി മേക്കേർസ് ആയും നിക്ഷേപകർ, ബിസിനസ്സ് നേതാക്കൾ, വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും. ഹരിയാനയിലെ സഫിയാബാദിലുള്ള സെർവോടെക്കിന്റെ സോളാർ, ഇവി ചാർജർ നിർമ്മാണ യൂണിറ്റിലേക്കുള്ള സന്ദർശനവും എറോണിന്റെ യാത്രയിൽ ഷെഡ്യൂൾ ചെയതിട്ടുണ്ട്. അവിടെ വെച്ച് ഹരിയാന സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടന്നേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആയോധ്യയിൽ പുതുതായി നിർമിച്ച രാമക്ഷേത്രവും എറോൺ മസ്ക് സന്ദർശിപ്പിക്കുമെന്നും വിവിധ വക്താക്കൾ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ എറോൺ മസ്കിന്റെ സന്ദർശനത്തിന്റെ ഭാഗമായി സെർവോടെക് ഒരു പ്രധാന പ്ലാന്റേഷനിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ മാസം 5 നാണ് സെർവോടെക് റിന്യൂവബിൾ പവർ സിസ്റ്റം, സംരംഭകനും ആഗോള ബിസിനസ് തന്ത്രജ്ഞനുമായ എറോൾ മസ്കിനെ അതിന്റെ ആഗോള ഉപദേശക സമിതിയിലേക്ക് നിയമിച്ചതായി പ്രഖ്യാപിച്ചത്.
സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര വികസനം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് എറോൺ മസ്കെന്നും അദ്ദേഹം ഉപദേശക സമിതിയിൽ എത്തിയതോടെ കമ്പനിയുടെ നേതൃത്വ ടീമിന് തന്ത്രപരമായ ഉപദേശക പിന്തുണ ലഭിക്കുമെന്നും സെർവോടെക് പറഞ്ഞിരുന്നു. ജൂൺ 6 നാണ് എറോൺ മസ്കിന്റെ ഇന്ത്യയിലെ സന്ദർശനം അവസാനിക്കുക. തുടർന്ന് എറോൺ മസ്ക് ദക്ഷിണാഫ്രിക്കയിലേക്ക് പോവും.
Content Highlights: Elon Musk's father to visit Ram temple in Ayodhya on business tour in India Reports