
ആഗോള തലത്തിൽ സ്വർണവില ഇടിയുമ്പോഴും കേരളത്തിലെ സ്വർണവിലയിൽ മാറ്റമൊന്നുമില്ല. ഇന്നലെ വ്യാപാരം അവസാനിപ്പിച്ച അതേവിലയിൽ തന്നെയാണ് സ്വർണം ഇന്നും കേരളത്തിൽ വിൽക്കുന്നത്. ഒരുഗ്രാം സ്വർണത്തിന് 8,935 രൂപയും പവന് 71,480 രൂപയുമാണ് ഇന്നത്തെ സ്വർണവില. വെള്ളിയുടെ വിലയിലും മാറ്റമൊന്നുമില്ല.
ചൊവ്വാഴ്ച 360 രൂപ വർധിച്ച സ്വർണവില രാവിലെ വ്യാപാരം ആരംഭിച്ചത് പവന് 71960 രൂപയ്ക്കായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും വില മാറ്റി നിശ്ചയിക്കുകയും ഗ്രാമിന് 8,935 രൂപയും പവന് 71480 രൂപയുമായി വ്യാപാരം പുനരാരംഭിക്കുകയുമായിരുന്നു. ഇതേവില തന്നെ ഇന്നും തുടരുകയാണ്.
യൂറോപ്യൻ യൂണിയന് അമ്പത് ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം അമേരിക്ക താൽക്കാലികമായി പിൻവലിച്ചതോടെയാണ് ആഗോള തലത്തിൽ സ്വർണ വില ഇടിഞ്ഞത്. നേരത്തെ ഒരു ഔൺസിന് 3,348 ഡോളർ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് 3,293 ഡോളറിലാണ് വിൽക്കുന്നത്.
ഈ മാസം 15ന് 68,880 ലേക്ക് ഇടിഞ്ഞ സ്വർണവില പിന്നീട് വർധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വർണവില ആദ്യമായി 70,000ൽ താഴെയെത്തിയത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വർധിച്ച് വീണ്ടും സ്വർണ വില 72000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകൾ.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വർണ വില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെയും സ്വർണ വില കണക്കാക്കാറുള്ളത്.
Content Highlights: Gold Price Today in Kerala