'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌'; ഫോർഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാരം ഇങ്ങനെ

ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ ഏറ്റവും തിളക്കമുള്ള ബ്രാൻഡ് നെയിമായി ടാറ്റാ മോട്ടോഴ്സ് പിന്നീട് മാറിയത് ചരിത്രം

'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌'; ഫോർഡിനോടുള്ള ടാറ്റയുടെ മധുരപ്രതികാരം ഇങ്ങനെ
dot image

'ഇൻസൾട്ടാണ് മുരളി ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌' എന്ന് വെള്ളം സിനിമയിൽ ജയസൂര്യയുടെ കഥാപാത്രത്തോട് സിദ്ദിഖിൻ്റെ കഥാപാത്രം പറയുന്നുണ്ട്. എന്നാൽ ഇതിന് മുമ്പ് രത്തൻ ടാറ്റ ഈ ഡയലോഗ് ഫോർഡിൻ്റെ മുതലാളിയോട് ഒരുവട്ടം മനസ്സിലെങ്കിലും പറഞ്ഞിരിക്കാം.

ഇൻഡ്യൻ കാർ വിപണിയിലെ വിപ്ലവമായിരുന്നു ടാറ്റ തദ്ദേശീയമായി നിർമ്മിച്ച ഇൻഡിക്ക. ലോകത്തെ പ്രധാനപ്പെട്ട കാറുകളോട് കിടപിടിക്കുന്ന മെയ്ഡ് ഇൻ ഇന്ത്യ കാർ എന്നതായിരുന്നു ഇൻഡിക്കയിലൂടെ രത്തൻ ടാറ്റ സ്വപ്നം കണ്ടത്. അക്കാലത്ത് ഇന്ത്യൻ വിപണി കീഴടക്കിയിരുന്ന ജാപ്പനീസ്, അമേരിക്കൻ കാറുകളെ നേരിടാനുള്ള ഇന്ത്യൻ മോഡൽ എന്നതായിരുന്നു ഇൻഡിക്കയെക്കുറിച്ചുള്ള രത്തൻ ടാറ്റയുടെ കാഴ്ചപ്പാട്.

1998ൽ ടാറ്റ ഇൻഡിക്ക അവതരിപ്പിച്ചു. എന്നാൽ പ്രതീക്ഷിച്ച പിന്തുണ ഈ സംരംഭത്തിന് കിട്ടിയില്ല. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഘട്ടത്തിലായിരുന്നു തങ്ങളുടെ പാസഞ്ചർ കാർ യൂണിറ്റ് വിൽക്കുക എന്ന തീരുമാനത്തിലേയ്ക്ക് ടാറ്റ എത്തുന്നത്. ഇതിനുള്ള ഒരു കരാറിനായി വാഹനരംഗത്തെ ഭീമന്മാരായ ഫോർഡിനെ ടാറ്റ സമീപിച്ചു. ഫോർഡ് ചെയർപേഴ്സൺ ബിൽ ഫോർഡിനെ കാണാൻ രത്തൻ ടാറ്റ നേരിട്ട് തന്നെ ഡെട്രോയിറ്റിലേക്ക് പോയി.

പാസഞ്ചർ കാറുകളെക്കുറിച്ച് ഒന്നും അറിയില്ലാത്ത നിങ്ങൾ എന്തിനാണ് ബിസിനസ്സ് ആരംഭിച്ചതെന്നായിരുന്നു ഫോർഡിൻ്റെ ചോദ്യം. വേണമെങ്കിൽ ടാറ്റയുടെ കാർ ഡിവിഷൻ വാങ്ങി ഒരു ഉപകാരം ചെയ്യാം എന്ന ത്യാഗമനോഭാവത്തിൽ ഫോർഡിൻ്റെ മേധാവികൾ പ്രതികരിച്ചപ്പോൾ രത്തൻ ടാറ്റ തലകുനിച്ച് നിന്ന് അതിന് കൈ കൊടുത്തില്ല. കാർ യൂണിറ്റ് വിൽക്കേണ്ടെന്ന് രത്തൻ ടാറ്റ തീരുമാനിച്ചു. ഇൻസൾട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌ എന്ന് മനസ്സിൽ കുറിച്ചാവും രത്തൻ ടാറ്റ ഇന്ത്യയിൽ മടങ്ങിയെത്തിയത്. എന്തായാലും പിന്നീട് ടാറ്റയുടെ പാസഞ്ചർ കാറുകളുടെ തലവര മാറുന്നതാണ് കണ്ടത്. പാസഞ്ചർ കാറുകൾ ഉണ്ടാക്കാനുള്ള പരിചയ സമ്പന്നതയില്ലെന്ന പരിഹാസത്തിന് ഇന്ത്യൻ വിപണി കീഴടക്കിയ നിരവധി കാറുകൾ പുറത്തിറക്കി ടാറ്റ മറുപടി നൽകി. ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ ഏറ്റവും തിളക്കമുള്ള ബ്രാൻഡ് നെയിമായി ടാറ്റാ മോട്ടോഴ്സ് പിന്നീട് മാറിയത് ചരിത്രം.

എന്നാൽ ഫോർഡിനുള്ള ടാറ്റയുടെ മറുപടി കാവ്യനീതിയുടേതാണ്. അതിനായി ടാറ്റയ്ക്ക് കാത്തിരിക്കേണ്ടി വന്നത് വെറും ഒൻപത് കൊല്ലം മാത്രം. 2008ലെ സാമ്പത്തിക മാന്ദ്യം ഫോർഡിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന നിലയിലേയ്ക്ക് മാറി. വാഹനഭീമന്മാർ കടം കൊണ്ട് കുത്തുപാളയെടുക്കുന്ന സ്ഥിതി വന്നു. ഫോർഡ് പാപ്പരത്തത്തിൻ്റെ വക്കിലായ ഘട്ടത്തിലാണ് ഫോർഡിനെ സംബന്ധിച്ച് രക്ഷകരായി ടാറ്റ അവതരിക്കുന്നത്. ഫോർഡിൻ്റെ രണ്ട് ആഡംബര മോഡലുകൾ വാങ്ങാൻ ടാറ്റ തീരുമാനിച്ചു. 2008 ജൂണിൽ ഫോർഡിൻ്റെ ജാഗ്വർ ലാൻഡ് റോവർ എന്നീ രണ്ട് മോഡലുകൾ ടാറ്റ സ്വന്തമാക്കി. 2.3 ബില്യൺ ഡോളറിനായിരുന്നു ഈ കച്ചവടം. ജാഗ്വറും ലാൻഡ്ലോവറും വാങ്ങിയതിലൂടെ നിങ്ങൾ ഞങ്ങൾക്ക് വലിയ സഹായമാണ് ചെയ്തതെന്ന് ഫോർഡിൻ്റെ ചെയർമാൻ ടാറ്റയോട് പറഞ്ഞപ്പോൾ രത്തൻ ടാറ്റ തീർച്ചയായും മനസ്സിൽ പറഞ്ഞിരിക്കും 'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്‌' എന്ന്.

Content Highlights: When Ratan Tata turned the tables on auto giant Ford after being humiliated

dot image
To advertise here,contact us
dot image