

രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി.
സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി നാല് ദിവസത്തേക്ക് തടസ്സപ്പെടാൻ സാധ്യതയുണ്ട്. ചില സംസ്ഥാനങ്ങളിൽ സെപ്റ്റംബർ 14നും ഗണേശ ചതുർഥിയോടനുബന്ധിച്ച് ബാങ്ക് അവധിയുണ്ട്. അതിനാൽ ശാഖകൾ വഴി നടത്തേണ്ട പ്രധാന ഇടപാടുകൾ ഉപഭോക്താക്കൾ മുൻകൂട്ടി പൂർത്തിയാക്കുന്നത് ഉചിതമായിരിക്കും.
അഞ്ചുദിവസ ബാങ്കിങ് സംവിധാനമാണ് യൂണിയനുകളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മിൽ 2024 മാർച്ച് എട്ടിന് ഒപ്പുവച്ച പന്ത്രണ്ടാമത് ഉഭയകക്ഷി ധാരണയുടെ ഭാഗമായി തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികമായി ജോലി ചെയ്ത് ശനിയാഴ്ചകളിലെ പ്രവർത്തനം ഒഴിവാക്കാനുള്ള നിർദേശം അംഗീകരിച്ചിരുന്നുവെന്നാണ് യൂണിയനുകളുടെ വാദം. ഈ നിർദേശം പിന്നീട് സർക്കാരിന് ശുപാർശ ചെയ്തെങ്കിലും രണ്ട് വർഷത്തിലേറെയായി അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കവും സമരത്തിന് പിന്നിലുണ്ട്. ബാങ്ക് ഓഫീസർമാരുടെ ഉയർന്ന തലത്തിലുള്ള വിഭാഗങ്ങൾക്ക് വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വലിയ തോതിൽ പ്രോത്സാഹന തുക ലഭിക്കുന്ന തരത്തിലുള്ള സർക്കാർ പദ്ധതിയെയാണ് യൂണിയനുകൾ എതിർക്കുന്നത്. നാലാം സ്കെയിലും അതിന് മുകളിലുമുള്ള ഓഫീസർമാർക്ക് പരമാവധി 365 ദിവസത്തെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ പ്രോത്സാഹനം ലഭിക്കാമെന്നാണ് യൂണിയനുകൾ പറയുന്നത്. അതേസമയം, ജീവനക്കാർക്കും മൂന്നാം സ്കെയിൽ വരെയുള്ള ഓഫീസർമാർക്കും പരമാവധി 15 ദിവസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന തുകയാണ് ലഭിക്കുക. ഇതിൽ തുല്യതയില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.
പെൻഷൻ പുതുക്കൽ, പെൻഷൻകാരെല്ലാം ഒരേ രീതിയിലുള്ള ക്ഷാമബത്ത കണക്കാക്കൽ, ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ സംവിധാനത്തിലേക്ക് മാറാനുള്ള അവസരം എന്നിവയും ഇതുവരെ പരിഹരിക്കാത്ത ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. പണിമുടക്ക് സംബന്ധിച്ച തൊഴിൽ തർക്കപരിഹാര നടപടികൾ തുടരുന്നതിനിടയിലും സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ യൂണിയനുകൾ എതിർക്കുന്നുണ്ട്.
സെപ്റ്റംബർ 11ലെ പണിമുടക്കിൽ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ അർധവാർഷിക കണക്കെടുപ്പ് സമയത്താണ് ഈ സമരം വരുന്നത് എന്നതിനാൽ സേവനങ്ങളെ കൂടുതൽ ബാധിച്ചേക്കാം. ഇതിലും പരിഹാരം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Content Highlights:Bank unions have called for a nationwide strike on September 11, 2026. The main demand is the implementation of a five-day banking week. Unions are also opposing the current performance-linked incentive scheme.