തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; വിചിത്രമായ നടപടിയെന്ന് സിപിഐഎം

ബാങ്കിന്റെ പഴയ കെട്ടിടം നവീകരിച്ചതില്‍ അഴിമതി ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു; വിചിത്രമായ നടപടിയെന്ന് സിപിഐഎം
dot image

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറാണ് ഭരണസമിതി പിരിച്ചുവിട്ടത്. പിന്നാലെ പൊലീസിന്റെ അകമ്പടിയോടെ എത്തിയ പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാര്‍ അധികാരം ഏറ്റെടുത്തു. നിലവിലുള്ള മാനേജിംഗ് ഡയറക്ടറെയും പിരിച്ചുവിട്ടിട്ടുണ്ട്.

റിസര്‍വ് ബാങ്ക് നിയന്ത്രണത്തിലുള്ള അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ബാങ്കിന്റെ പഴയ കെട്ടിടം നവീകരിച്ചതില്‍ അഴിമതി ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നുള്ള പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാങ്കിനോട് രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ബാങ്ക് നല്‍കിയില്ലെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നത്.

അതേസമയം രേഖകള്‍ ബാങ്ക് തയ്യാറാക്കി വെച്ചിരുന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് വിചിത്രമായ നടപടി ആണെന്നും നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ വരും ദിവസങ്ങളില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും എല്ലാം പിടിച്ചടക്കുക എന്നതാണ് യുഡിഎഫ് സര്‍ക്കാര്‍ നയം എന്നും സിപിഐഎം ആരോപിക്കുന്നു. നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കാതെ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. ഭംഗിയായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിയാണ് പിരിച്ചുവിട്ടതെന്നും സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

Content Highlights: The administrative board of Thiruvalla East Cooperative Bank has been dissolved, prompting criticism from the CPI(M). The party described the decision as unusual and has raised questions over the action taken against the bank’s governing body.

dot image
To advertise here,contact us
dot image