ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വരാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍; റിസര്‍വേഷന്‍ നിയമങ്ങള്‍ ഉടന്‍ മാറിയേക്കും

40 വര്‍ഷം പഴക്കമുള്ള റിസര്‍വേഷന്‍ സംവിധാനത്തിന് ഓഗസ്റ്റില്‍ മാറ്റം വരാനാണ് സാധ്യത

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ വരാന്‍ പോകുന്നത് വലിയ മാറ്റങ്ങള്‍; റിസര്‍വേഷന്‍ നിയമങ്ങള്‍ ഉടന്‍ മാറിയേക്കും
dot image

റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. 40 വര്‍ഷം പഴക്കമുളള പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം മാറ്റി പകരം അത്യാധുനിക സംവിധാനം ഘട്ടംഘട്ടമാക്കി നടപ്പിലാക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും. റെയില്‍ ഭവനില്‍ നടന്ന ഉന്നതതല യോഗത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തി.

1986 ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) ആരംഭിച്ചത്. കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ഈ സംവിധാനത്തിന് പല മാറ്റങ്ങളും സംഭവിക്കുകയും ചെയ്തിരുന്നു. വിവിധ സാങ്കേതിക മാറ്റങ്ങള്‍ക്കൊണ്ട് PRS സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും റെയില്‍വേയ്ക്ക് കഴിഞ്ഞിരുന്നു.

ഇന്ത്യന്‍ റെയില്‍വേ ഇന്റര്‍നെറ്റ് ബുക്കിങ്ങ് സംവിധാനം ആരംഭിച്ചത് 2002 ലാണ്. ഇന്ന് രാജ്യത്തെ 88 ശതമാനം ടിക്കറ്റ് ബുക്കിങ്ങും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. 2025 ല്‍ റെയില്‍വേയുടെ സേവനങ്ങളെ എല്ലാം ഒരുമിപ്പിച്ചുകൊണ്ട് 'റെയില്‍ വണ്‍' ആപ്പും പുറത്തിറങ്ങിയിരുന്നു. കൃത്രിമ ബുദ്ധിയുടെ സഹായവും റെയില്‍ വണ്‍ ആപ്പിനുണ്ട്.

റെയില്‍വണ്‍ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ കണ്‍ഫേം ആകാനുള്ള സാധ്യതയും അറിയാന്‍ സാധിക്കും. ഈ കാര്യത്തിലുള്ള കൃത്യത 53 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റെയില്‍വേ അറിയിക്കുന്നു. ടിക്കറ്റ്

ബുക്കിങ്ങിന് പുറമേ ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ട്, അണ്‍ റിസര്‍വിഡ് ടിക്കറ്റ്, പ്ലാറ്റ്‌ഫോം ടിക്കറ്റ് എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കായും റെയില്‍വേ ആപ്പിനെ ആശ്രയിക്കാനാവും. വെയിറ്റിംഗ് ലിസ്റ്റിന്റെ തല്‍സമയ വിവരങ്ങള്‍, ട്രെയിന്‍ സമയ ക്രമങ്ങള്‍, തല്‍സമയ ട്രെയിന്‍ വിവരങ്ങള്‍, പ്ലാറ്റ്‌ഫോം വിവരങ്ങള്‍, കോച്ച് പൊസിഷനുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങളും റെയില്‍ വണ്‍ ആപ്പിലൂടെ യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും.

ഒരോ ദിവസവും 9.29 ലക്ഷം ടിക്കറ്റുകളാണ് റെയില്‍വണ്‍ ആപ്പ് വഴി ബുക്ക് ചെയ്യുന്നത്. ഇതില്‍ 7.2 ലക്ഷം അണ്‍റിസര്‍വിഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസര്‍വിഡ് ടിക്കറ്റുകളുമാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ റെയില്‍വണ്‍ ആപ്പ് ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് 3.16 കോടി തവണയും ആപ്പിള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് 33.17 ലക്ഷം തവണയും റെയില്‍വണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

നവീകരിച്ച പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഓഗസ്റ്റിലെ പുതിയ മാറ്റങ്ങള്‍ക്ക് മുന്നോടിയായി പരിശോധനയും ആശയവിനിമയവും ഏകോപിപ്പിക്കാന്‍ ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Content Highlights :Big changes are coming to train ticket booking. The 40-year-old reservation system is likely to change in August.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image