

കഴിഞ്ഞ ദിവസമാണ് സൗത്ത് ഗോവയിലെ വൃത്തിയെ കുറിച്ച് പുകഴ്ത്തുകയും പ്രദേശത്തെ യൂറോപ്പിനോട് ഉപമിക്കുകയും ചെയ്ത ജർമൻ വ്‌ളോഗറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ നല്ലത് പറഞ്ഞ് തീരുന്നതിന് മുമ്പേ ഗോവയിൽ താൻ നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.
പാരമ്പര്യ ടാക്‌സി ഡ്രൈവർമാരും ആപ്ലിക്കേഷൻ സർവീസ് നടത്തുന്ന ടാക്‌സിക്കാരും തമ്മിലുള്ള പ്രശ്‌നമാണ് വ്‌ളോഗറായ അലക്‌സ് വെൽഡറെ പ്രതിസന്ധിയിലാക്കിയത്. ഗോവയിലെ റിക്ഷ ഡ്രൈവർമാർ ഒരു യാത്രയ്ക്ക് അഞ്ഞൂറു രൂപ ഈടാക്കുമ്പോൾ, അതേ ദൂരത്തിന് ആപ്ലിക്കേഷൻ സർവീസായ ഗോവമൈൽസ് ഈടാക്കുന്നത് മുന്നൂറു രൂപയാണ്.
ഒരു പ്രാദേശിക റിക്ഷ ഡ്രൈവർ തന്നെയും ഒപ്പമുള്ളയാളെയും പിന്തുടർന്ന് വന്ന് ഒരു യാത്രയ്ക്ക് 500 രൂപ ആവശ്യപ്പെട്ടു. ഇത്തരത്തിൽ പിറകേ വന്നത് തന്നെ വളരെ ബുദ്ധിമുട്ട് തോന്നിയെന്ന് വെൽഡർ പറയുന്നു. പക്ഷേ ഗോവ മൈൽസ് എന്ന ആപ്ലിക്കേഷനിൽ ഇത് 300 രൂപയായിരുന്നു. എതിർപ്പുകള്‍ ഉണ്ടായെങ്കിലും വെല്‍ഡർ യാത്രക്കായി ഗോവമൈല്‍സിനെ തന്നെ തെരഞ്ഞെടുത്തു.
'ഏത് സമയം വേണമെങ്കിലും ആപ്ലിക്കേഷനിൽ റൈഡിനായി ബുക്ക് ചെയ്യാം എന്നാൽ ഇതിവിടെ നടക്കില്ലെന്ന് നിലപാടിലായിരുന്നു പ്രാദേശിക റിക്ഷക്കാർ. കുറച്ച് മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ പൊലീസുകാർ തങ്ങളുടെ വണ്ടിയെ തടഞ്ഞു. പിന്നാലെ ഗോവമൈൽസ് ടാക്‌സി ഡ്രൈവറിന് 500 രൂപ പിഴയിട്ടു.' വെൽഡർ വീഡിയോയില്‍ പറയുന്നു.
റൈഡ് ഷെയറിങ് അപ്ലിക്കേഷനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ മനസിലാക്കാം. ക്യാബ് ഡ്രൈവറിന് നൽകിയ പിഴ അടച്ചത് താനാണ്. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലായില്ലെന്നും ആരെങ്കിലും ഒന്ന് പറഞ്ഞുതരണമെന്നും വെൽഡർ വീഡിയോയില്‍ പറയുന്നുണ്ട്.
ഗോവ മൈൽ ക്യാബ് ഉപയോഗിക്കുന്നവർക്ക് നേരിടേണ്ടി വരുന്ന ആദ്യത്തെ പ്രശ്‌നമല്ലിത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഗോവയിലെ ടാക്‌സി മാഫിയ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ നശിപ്പിക്കുമെന്നാണ് ചിലർ വെൽഡറിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പ്രദേശത്തെ കുറിച്ച് നല്ല അനുഭവം പങ്കുവച്ചയാൾക്ക് ഈ ദുരനുഭവം ഉണ്ടായതിൽ പലരും ക്ഷമാപണവും നടത്തുന്നുണ്ട്.
Content Highlights: German Tourist harrased by rickshaw drivers in Goa