

പാകിസ്താൻ ഇന്റർ സർവീസ് ഇന്റലിജൻസ് എന്ന ISIയുടെ S1 എന്ന യൂണിറ്റിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടനം മുതൽ ഈവർഷം ജമ്മു കശ്മീരില്‍ നടന്ന പഹൽഗാം ആക്രമണം വരെ ഇന്ത്യയിൽ നടന്ന ഓരോ ആക്രമണങ്ങളും നടത്തിയത് ഇവിടെ നിന്നും പരിശീലനം ലഭിച്ച ഭീകരരാണ്.
S1 - സബ്‌വേർഷൻ 1 എന്നാണ് ഇതിന്റെ പൂർണ രൂപമെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ വിളനിലം ഇവിടെയാണ്. പാകിസ്താൻ സൈന്യത്തിലെ ഒരു കേണലാണ് ഇതിനെ നയിക്കുന്നത്. കൂടാതെ ഇതിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉയർന്ന റാങ്കിലുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥരുമുണ്ട്. ഇവർക്ക് നൽകിയിരിക്കുന്ന കോഡുകൾ ഗാസി 1, ഗാസി 2 എന്നാണെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു.

S1ന്റെ ആസ്ഥാനം ഇസ്ലാമാബാദിലാണ്. മയക്കുമരുന്ന് കടത്തിലൂടെ ഉണ്ടാക്കുന്ന പണം കൊണ്ടാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഈ യൂണിറ്റിലുള്ള ഉദ്യോഗസ്ഥരും ട്രെയിനർമാരും എല്ലാതരം ബോംബുകളും ഐഇഡികളും നിർമിക്കാൻ വിദഗ്ധരായിക്കും മാത്രമല്ല ഇവർ വൈഡ് റേഞ്ചിലുള്ള ആയുധങ്ങളും കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്നവരാണ്. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളുടെയും കൃത്യമായ ഭൂപടവും ഇവരുടെ പക്കലുണ്ട്.
കഴിഞ്ഞ 25 വർഷമായി S1 എന്ന യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അടുത്തിടെയാണ് ഇന്ത്യൻ സെക്യൂരിറ്റി ഏജൻസികൾ ഇതിന്റെ എല്ലാത്തരം പ്രവർത്തനങ്ങളും മനസിലാക്കിയത് . ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതികളാണ് പ്രധാനമായും ഇവിടെ നടക്കുന്നത്. പാകിസ്താനിലെ എല്ലാ പ്രധാന ഭീകര സംഘടനകളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനമെന്ന എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

S1 യൂണിറ്റിലെ ഉദ്യോഗസ്ഥരെ ജെയ്ഷ് - ഇ - മുഹമ്മദ്, ലഷ്‌കർ - ഇ- തയ്ബ, ഹിസ്ബുൾ മുജാഹ്ദ്ദീൻ പരിശീലന കേന്ദ്രങ്ങളിൽ കാണാൻ സാധിക്കും. തിരിച്ചറിയാതിരിക്കാൻ നീണ്ട താടി വളർത്തി, സാധാരണ വേഷം ധരിച്ചാണ് ഇവർ ഇത്തരം കേന്ദ്രങ്ങളിൽ എത്തുക. പല തീവ്രവാദ സംഘടനകൾക്കും തങ്ങളെ പരിശീലിപ്പിക്കാനായി എത്തുന്നത് S1ല്‍ നിന്നുള്ളവരാണെന്ന് പോലും അറിയാത്ത അത്ര രഹസ്യമായാണ് ഇവരുടെ നീക്കം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ഭീകരരെയാണ് ഈ കേന്ദ്രം പരിശീലിപ്പിച്ചിട്ടുള്ളത്.
Content Highlights: S1 the ISI centre for training terrorist against India