വർക്ക് പെർമിറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് എഐ; പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ

'ഐ' എന്ന പേരിലാണ് മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം പുതിയ എഐ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത്

വർക്ക് പെർമിറ്റ് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് എഐ; പുതിയ സാങ്കേതിക വിദ്യയുമായി യുഎഇ
dot image

യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഇനി എഐ സാങ്കേതിക വിദ്യയും ഉപയോ​ഗിക്കും. രേഖകള്‍ പരിശോധിച്ച് ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റുകളുടെ ആധികാരികത വേഗത്തില്‍ മനസിലാക്കുന്നതിനാണ് പുതിയ സാങ്കേതിക വിദ്യ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

'ഐ' എന്ന പേരിലാണ് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പുതിയ എഐ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത്. യുഎഇയില്‍ നിലവിലുള്ള വിവിധ തരം വര്‍ക്ക് പെര്‍മിറ്റുകളുടെ മേല്‍നോട്ടം ഇനി മുതല്‍ പൂര്‍ണമായും എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നൂതന സംവിധാനമായിരിക്കും പരിശോധിക്കുക.

വര്‍ക്ക് പെര്‍മിറ്റിനായി സമര്‍പ്പിക്കേണ്ട രേഖകളായ പാസ്‌പോര്‍ട്ട്, ഫോട്ടോ, എന്‍ട്രി പെര്‍മിറ്റ്, തൊഴില്‍ കരാറിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകള്‍, കമ്പനി ട്രേഡ് ലൈസന്‍സ്, എസ്റ്റാബ്ലിഷ്‌മെന്റ് കാര്‍ഡ് എന്നിവയെല്ലാം നിമിഷനേരം കൊണ്ട് എഐ പരിശോധിച്ച് ഉറപ്പ് വരുത്തും. രേഖകളുടെ ആധികാരിക ഉറപ്പാക്കുന്നതിനൊപ്പം വേഗത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുക, ചെലവ് കുറയ്ക്കുക, വേഗത്തിലുള്ള ഇടപാട് പൂര്‍ത്തീകരണം ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: AI-system to handle UAE work permit applications

dot image
To advertise here,contact us
dot image