ആര് വാങ്ങും ആർസിബിയെ? അദാനി ഗ്രൂപ്പ് അടക്കം വമ്പൻമാർ രംഗത്ത്

ആറോളം വമ്പൻമാരാണ് ആർസിബിയിൽ താൽപര്യം അറിയിച്ചിരിക്കുന്നതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു

ആര് വാങ്ങും ആർസിബിയെ? അദാനി ഗ്രൂപ്പ് അടക്കം വമ്പൻമാർ രംഗത്ത്
dot image

ഐപിഎൽ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഉടമകളായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ വിൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ ടീമിനെ സ്വന്തമാക്കാൻ ഒരുപാട് പ്രമുഖ വ്യവസായങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ആറോളം വമ്പൻമാരാണ് ആർസിബിയിൽ താൽപര്യം അറിയിച്ചിരിക്കുന്നതെന്ന് ക്രിക് ബസ് റിപ്പോർട്ട് ചെയ്യുന്നു.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ അദാർ പൂനാവാല, ജെഎസ്ഡബ്ല്യു ഗ്രൂപ്പിൻറെ പാർത്ഥ് ജിൻഡാൽ, അദാനി ഗ്രൂപ്പ്, ഡൽഹി അസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വ്യവസായ പ്രമുഖൻ, രണ്ട് യുഎസ് ഓഹരി കമ്പനികൾ എന്നിവരാണ് രംഗത്തുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൂനാവാല ആർസിബിയെ മഹത്തായ ടീമെന്ന് വിശേഷിപ്പിച്ച് കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് കുറിച്ചിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിൻറെ സഹ ഉടമകളായ പാർഥ് ജിൻഡാലിന് ആർസിബിയെ സ്വന്തമാക്കുന്നത് സാധ്യമാകില്ല എന്നും റിപ്പോർട്ടുകളുണ്ട്.. ജിഎംആർ ഗ്രൂപ്പിനൊപ്പം 50 ശതമാനം ഓഹരി പങ്കാളിത്തമാണ് ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് ഡൽഹി ക്യാപിറ്റൽസിലുള്ളത്. ആർസിബിയെ സ്വന്തമാക്കണമെങ്കിൽ ജെഎസ്ഡബ്ല്യു ഡൽഹി ക്യാപിറ്റൽസിലെ ഓഹരി പങ്കാളിത്തം ഒഴിവാക്കേണ്ടി വരും.

അദാനി ഗ്രൂപ്പാണ് ആർസിബിയെ സ്വന്തമാക്കാൻ ശക്തമായി രംഗത്തുള്ള മറ്റൊരു പ്രമുഖൻ. നേരത്തെ ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരാണ് അദാനി ഗ്രൂപ്പ്. നേരത്തെ വനിതാ ഐപിഎല്ലിൽ ഗുജറാത്ത് ജയൻറ്‌സ് ടീമിനെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു, യുഎഇയിലെ ഇൻറർനാഷണൽ ലീഗ് ടി20യിലും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തെ ആർസിബി ഐപിഎൽ ചാമ്പ്യൻമാരായതിന് പിന്നാലെയും ടീം വിൽക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അന്ന് ടീം ഉടമകൾ തന്നെ ഇത് നിഷേധിച്ചു.

കിങ്ഫിഷർ എയർലൈൻസ് ഉടമയും വ്യവസായിയുമായ വിജയ് മല്യായായിരുന്നു ആർസിബിയുടെ പ്രഥമ ഉടമ. 11.1 കോടി ഡോളറിനായിരുന്നു 2008ൽ മല്യ ആർസിബിയെ സ്വന്തമാക്കിയത്. എന്നാൽ കിങ്ഫിഷർ എയർലൈൻസിൻറെ തകർച്ചയും മല്യയുടെ കടബാധ്യതയും ആർസിബിയെ യുനൈറ്റഡ് ബ്രുവറീസിൻറെ മാതൃസ്ഥാപനമായ ഡിയാജിയോയുടെ ഉടമസ്ഥതയിലെത്തിക്കുകയായിരുന്നു.

Content Highlights- Big business Magnetd in verge to Buy RCB

dot image
To advertise here,contact us
dot image