
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ഒരു ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ വൈറലാവുകയാണ്. കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകുന്ന റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസറുടെ ദൃശ്യമാണിത്. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിച്ച യാത്രക്കാരന് സമയോചിതമായി മെഡിക്കൽ ഓഫീസർ ചികിത്സ നൽകുകയായിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ എന്താണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്നും എങ്ങനെയാണ് ഇത് സംഭവിക്കുക എന്നുമുള്ള ചോദ്യങ്ങളാണ് എല്ലാവരിലും ഉയരുന്നത്.
എന്താണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ
ടിഎംജെ (temporomandibular joint) തലയോട്ടിയെയും താടിയെല്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു സന്ധിയാണ്. ഈ സന്ധിയിൽ കീഴ്താടിയെല്ല് കൃത്യമായ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് വായ തുറക്കാനും അടയ്ക്കാനും കഴിയുന്നത്. എന്നാൽ ഈ ജോയിന്റിലെ ശരിയായ സ്ഥലത്ത് നിന്നും താടിയെല്ല് തെന്നിമാറുമ്പോഴാണ് ഡിസ്‌ലൊക്കേഷൻ സംഭവിക്കുന്നത്. ഇതോടെ വായ അടയ്ക്കാൻ കഴിയാതെ ആകും. വലിയ വേദനയും അനുഭവപ്പെടും. ഈ സമയത്ത് എത്രയും വേഗം വൈദ്യസഹായം തേടേണ്ടതാണ്.
ടിഎംജെ ഡിസ്‌ലൊക്കേഷൻ സംഭവിക്കാനുള്ള കാരണങ്ങൾ
മുഖത്തിന് ഏൽക്കുന്ന ആഘാതമാണ് ഡിസ്‌ലൊക്കേഷൻ സംഭവിക്കാനുള്ള ഒരു പ്രധാന കാരണം. അടിയേൽക്കുന്നത്, വീഴ്ച, വാഹനാപകടം തുടങ്ങിയ പല കാരണങ്ങൾക്കൊണ്ട് ഡിസ്‌ലൊക്കേഷൻ സംഭവിക്കാം. വായ അമിതമായി തുറക്കുന്നതാണ് മറ്റൊരു കാരണം. പാലക്കാട്ടെ യാത്രക്കാരന് ഇതാണ് സംഭവിച്ചത്. കോട്ടുവായ ഇടുമ്പോഴോ ചിരിക്കുമ്പോഴോ ഛർദിക്കുമ്പോഴോ വായ അമിതമായി തുറന്നാൽ ചിലപ്പോൾ ഡിസ്‌ലൊക്കേഷൻ സംഭവിച്ചേക്കാം.
സന്ധികളിൽ ഉണ്ടാകേണ്ട കണക്ടീവ് ടിഷ്യൂസ് ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുന്നതാണ് അടുത്ത കാരണം. എഹ്ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം കണക്ടീവ് ടിഷ്യൂസിനെ ബാധിക്കുന്നതുകൊണ്ട് ആ കണ്ടീഷനിൽ ഉള്ളവരിൽ ടിഎംജെ ഡിസ്‌ലൊക്കേഷൻ
സംഭവിക്കാറുണ്ട്.
ടിഎംജെ ഡിസ്‌ലൊക്കേഷന്റെ ലക്ഷണങ്ങൾ
ടിഎംജെ ഭാഗത്തും താടിയെല്ലിനും മുഖം മുഴുവനും കടുത്ത വേദന അനുഭവപ്പെടുന്നതും വായ അടയ്ക്കാൻ കഴിയാത്തതും ആണ് ഡിസ്‌ലൊക്കേഷന്റെ പ്രധാന ലക്ഷണം. പെട്ടെന്ന് സംഭവിക്കുന്ന ഡിസ് ലൊക്കേഷനുകളിൽ ഇത് വ്യക്തമായി കാണാം. പെട്ടെന്നല്ലാതെയും ഡിസ്‌ലൊക്കേഷന്‍ സംഭവിക്കാം. ഭക്ഷണം കഴിക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഡിസ്‌ലൊക്കേഷന്റെ തുടക്ക ലക്ഷണങ്ങളിൽ ഒന്നാണ്. താടിയെല്ലിന് ചുറ്റും നീരും വേദനയും തടിപ്പും അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.
ടിഎംജെ ഡിസ്‌ലൊക്കേഷനുള്ള ചികിത്സ
താടിയെല്ലിനെ ജോയിന്റിലെ കൃത്യമായ സ്ഥലത്തേക്ക് വലിച്ചിടുക എന്നതാണ് ഡിസ് ലൊക്കേഷനുള്ള പ്രധാന ചികിത്സ. പിന്നീടും കടുത്ത വേദന അനുഭവപ്പെട്ടാൽ വേദനസംഹാരി കഴിക്കാം. താടിയെല്ല് വല്ലാതെ ഇളകാതെ ഇരിക്കാൻ ബാൻഡേജ് ഉപയോഗിച്ച് കെട്ടിവെക്കുന്നതാണ് അടുത്തത്. ഡിസ്‌ലൊക്കേഷൻ നിരന്തരമായി സംഭവിക്കുകയാണെങ്കിൽ ഒരുപക്ഷെ ഫിസിയോതെറാപ്പി, സർജറി, ഡെന്റൽ ട്രീറ്റ്‌മെന്റുകൾ തുടങ്ങിയവ ചെയ്യേണ്ടി വരും.
Content Highlights:What is TMJ dislocation