
കോട്ടയം: കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ തുറന്നടിച്ച് ഓര്‍ത്തഡോക്‌സ് സഭ. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് കരുതേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. സഭാംഗങ്ങള്‍ ഏത് സ്ഥാനത്തായാലും അവരെയൊക്കെ തഴയാം എന്ന ചിന്തയുണ്ടെന്നും അബിന്‍ വര്‍ക്കിയും ചാണ്ടി ഉമ്മനും തങ്ങളുടെ യുവതയാണെന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. ചാണ്ടി ഉമ്മന്‍ പങ്കെടുത്ത സഭയുടെ യുവജന സംഘടന സംഘടിപ്പിച്ച പ്രഗതി പരിപാടിയിലായിരുന്നു ഗീവര്‍ഗീസ് മാര്‍ യൂലിയോസിന്റെ പ്രതികരണം.
'ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓര്‍ത്തഡോക്‌സ് സഭ എന്ന് കരുതേണ്ട. അബിനും ചാണ്ടിയും ഞങ്ങളുടെ യുവതയാണ്. അവരാരും മതംവെച്ച് കളിക്കാറില്ല. ഇന്ന സഭക്കാരാണ് എന്ന് പറയാറില്ല. ഒരു തീവ്രവാദത്തിനും മലങ്കര സഭ കൂട്ടുനിന്നിട്ടില്ല. എന്നാല്‍ സാമൂഹ്യപ്രതിബദ്ധതയോടെ ഇടപെടുന്നവരെ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ്. സ്വര്‍ണപ്പാളികള്‍ പൊളിച്ചുകടത്തിയത് എന്തിനാണ് എന്ന് ചോദിച്ചതിനാണ് ട്രഷറര്‍ പത്തുദിവസം അകത്തുകിടന്നത്. മലങ്കര സഭയ്ക്ക് കരുത്തുറ്റ നേതാക്കളുണ്ട്. ഈ ചെണ്ടയില്‍ എത്ര അടിച്ചാലും കഴിവതും നല്ല സ്വരം പുറപ്പെടുവിക്കും. ഒരു മാര്‍ഗവും ഇല്ലാതെ വന്നാല്‍ സ്വരം മാറാന്‍ സാധ്യതയുണ്ട് എന്ന് ഓര്‍മിപ്പിക്കുകയാണ്': ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
കെപിസിസി പുനഃസംഘടനയില്‍ ചാണ്ടി ഉമ്മനും അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളില്‍ വിഷമം വരും അത് സ്വാഭാവികമായുളള കാര്യമാണെന്നുമാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്. പാര്‍ട്ടിയുമായുളള പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുളളില്‍ സംസാരിക്കുമെന്നും പാര്‍ട്ടിയില്‍ ജാതിയും മതവും ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 'കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള മുഴുവന്‍ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തില്‍ പ്രാധാന്യമില്ല. എനിക്ക് തരാനുളളതെല്ലാം പാര്‍ട്ടി തന്നു. എന്നെ എംഎല്‍എ ആക്കിയത് ഈ പാര്‍ട്ടിയാണ്. എനിക്ക് ഒന്നും തരാതിരുന്നിട്ടില്ല. എന്റെ പിതാവിനെ 51 കൊല്ലം എംഎല്‍എ ആക്കിയത് ഈ പാര്‍ട്ടിയാണ്': എന്നാണ് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
Content Highlights: Abin and Chandy are our youth: Geevargese mar yulios on kpcc reorganisation