
കൊച്ചി: ഗാസയിലേക്ക് മാനുഷിക സഹായവുമായി പോകുന്നതിനിടെ കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന് ഇസ്രയേല്‍ സേനയില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതയുടെ വാര്‍ത്തകള്‍ അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രയേല്‍ പതാകയേന്താന്‍ നിര്‍ബന്ധിതയായതിന് പുറമെ കടുത്ത ശാരീരിക അക്രമങ്ങളും ഗ്രേറ്റ നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും ഗ്രേറ്റ ജീവിച്ചിരിക്കുന്നുണ്ടല്ലോയെന്ന ആശ്വാസം പങ്കുവെച്ച് സാമൂഹിക പ്രവര്‍ത്തക ബി അരുന്ധതി പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ഇസ്രയേല്‍ സൈന്യം 2003 ല്‍ ബുള്‍ഡോസര്‍ കയറ്റി കൊലപ്പെടുത്തിയ അമേരിക്കന്‍ സമാധാന പ്രവര്‍ത്തക റേച്ചല്‍ കോറിയെയും ഗ്രേറ്റയെയും സാമ്യപ്പെടുത്തിയാണ് അരുന്ധതിയുടെ കുറിപ്പ്.
റേച്ചലിനെ കൊന്ന അതേ ലാഘവത്തില്‍ ഗ്രേറ്റയെ കൊല്ലാന്‍ കഴിയുന്ന സാഹചര്യമല്ല ഇസ്രയേലിനുള്ളതെന്നും പതിനായിരങ്ങള്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നെങ്കിലും ഇസ്രയേല്‍ എന്ന കൊളോണിയല്‍ ഭീകരവാദി രാജ്യം ലോകത്തിന് മുന്നില്‍ വെളിപ്പെട്ട് നില്‍ക്കുന്ന കാലമാണിതെന്നും അരുന്ധതി കുറിച്ചു. റേച്ചലിന് അവസാനിപ്പിക്കേണ്ടിവന്നത് തുടരാന്‍ എന്നപോലെ, പലസ്തീന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി റേച്ചല്‍ കോറി രക്തസാക്ഷിയായ 2003 ല്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് ജനിച്ചുവെന്ന സാമ്യതയും അരുന്ധതി കുറിക്കുന്നു.
ബി അരുന്ധതിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
രണ്ടായിരത്തിമൂന്നിന്റെ കഥ - രണ്ടായിരത്തിയിരുപത്തിയഞ്ചിന്റെയും.
ലോകമെമ്പാടുമുള്ള സ്കൂൾ കുട്ടികൾക്ക് സുപരിചിതയാണ് റേച്ചൽ കോറി. പത്താം വയസ്സിൽ റേച്ചൽ നടത്തിയ അസാധാരണമായ ഉൾക്കാഴ്ചയുള്ള ഒരു പ്രസംഗമാണ് അവളെ പ്രശസ്തയാക്കിയത്. "I am here because I care". മരങ്ങളോ മൃഗങ്ങളോ അല്ല മനുഷ്യരായിരുന്നു റേച്ചൽ കോറി യുടെ പരിസ്ഥിതി സങ്കല്പത്തിന്റെ കേന്ദ്രബിന്ദു. ഒരു കുഞ്ഞു പോലും പട്ടിണി കിടക്കാത്ത ലോകത്തെ ഞാൻ സ്വപ്നം കാണുന്നുവെന്ന് പത്താം വയസ്സിൽ അവൾ എഴുതി. വെള്ളക്കാരിയായ ഒരു അമേരിക്കൻ പെൺകുട്ടി ലോകപൗരയായി ചിന്തിച്ചത് കൊണ്ടാവാം മുതിർന്നപ്പോൾ അവൾ പലസ്തീൻ അവകാശ പോരാട്ടത്തിലേക്ക് അണിചേർന്നത്. റേച്ചൽ കോറിയുടെ ബാല്യകാല പരിസ്ഥിതിബോധം, മനുഷ്യാവകാശ പ്രതിബദ്ധതയായി വളരുകയായിരുന്നു. രണ്ടായിരത്തിമൂന്നിൽ തന്റെ ഇരുപത്തി മൂന്നാം വയസ്സിൽ ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്മെന്റ് എന്ന സംഘടനയുടെ ഭാഗമായി റേച്ചൽ കോറി പലസ്തീനിൽ എത്തി.
*******
റേച്ചലിന്റെ ഡയറി ജനുവരി 25, 2003
" ഗാസയിൽ എന്റെ ആദ്യ ദിനം. തെരുവുകളിൽ കുഞ്ഞുങ്ങൾ കളിക്കുന്നുണ്ട് പക്ഷേ അവരുടെ കണ്ണുകളിൽ നിറയെ ഭയമാണ്. അവരെ കാണാതെ പോകുന്നത് മനുഷ്യത്വത്തിന് നിരക്കുന്നതല്ല. എന്നെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യണം. "
റേച്ചലിന്റെ ഡയറി മാർച്ച് 1, 2003
" ഞാനിവിടെ കാണുന്നതൊന്നും ലോകം കാണുന്നില്ല. ആരെങ്കിലും എപ്പോഴെങ്കിലും യാഥാർത്ഥ്യം മനസ്സിലാക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ എഴുതുന്നത്. ഇതൊരു രാഷ്ട്രീയ പ്രശ്നമല്ല അതിജീവന പ്രശ്നമാണ്."
റേച്ചലിന്റെ ഡയറിയിലെ അവസാനത്തെ എൻട്രി
മാർച്ച് 16, 2003
" ഇന്ന് ഞാൻ ബുൾഡോസറുകൾ ഉള്ള സ്ഥലത്തേക്ക് പോവുകയാണ്. അവിടെയുള്ള വീടുകളെയും മനുഷ്യരെയും രക്ഷിക്കാൻ ഞാൻ ശ്രമിക്കും. അതിലുള്ള റിസ്ക് അറിയാഞ്ഞിട്ടല്ല, ഒന്നും ചെയ്യാതിരിക്കുന്നത് അപായപ്പെടുന്നതിനേക്കാൾ വേദന നൽകും."
******
രണ്ടായിരത്തി മൂന്ന് മാർച്ച് മാസം പതിനാറാം തീയതി ഗാസയിലെ റഫയിൽവെച്ച് റേച്ചൽ കോറി എന്ന പെൺകുട്ടി മരണപ്പെട്ടു. ഇസ്രായേൽ എന്ന അധിനിവേശ രാജ്യം ബുൾഡോസർ കയറ്റി അക്ഷരാർത്ഥത്തിൽ ആ പെൺകുട്ടിയെ അരച്ചുകൊന്നു.
****
താഴെക്കാണുന്ന ചിത്രത്തിലേക്ക് നോക്കൂ. ഫ്ലൂറെസന്റ് ഓറഞ്ച് കുപ്പായവും മെഗാഫോണുമായി നിൽക്കുന്ന ആ പെൺകുട്ടിയെ ബുൾഡോസർ ഡ്രൈവർക്ക് "കാണാൻ പറ്റിയില്ല " എന്നും റേച്ചലിന്റെ കൊലപാതക അപകടം ആയിരുന്നെന്നും ഇസ്രായേൽ സൈന്യം റിപ്പോർട്ട് സമർപ്പിച്ചു. ജോർജ് ബുഷും അമേരിക്കയും റിപ്പോർട്ട് അംഗീകരിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും റേച്ചലിന്റെ മാതാപിതാക്കളും പ്രതിഷേധിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.
*****
പലസ്തീൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി റേച്ചൽ കോറി രക്തസാക്ഷിയായ രണ്ടായിരത്തി മൂന്നിൽ ലോകത്തിന്റെ മറ്റൊരു കോണിൽ ഗ്രേറ്റ തുൻബർഗ് ജനിച്ചു, റേച്ചലിന് അവസാനിപ്പിക്കേണ്ടിവന്നത് തുടരാൻ എന്നപോലെ.
ഫ്രീഡം ഫ്ലോട്ടില്ലയിൽ നിന്നും അറസ്റ്റ് ചെയ്ത ഗ്രേറ്റയെ ഇസ്രായേൽ കസ്റ്റഡിപീഡനം നടത്തിയെന്ന് നമ്മൾ വാർത്തകൾ കാണുന്നു. "അറിയാതെ കൈതട്ടി " കൊല്ലപ്പെട്ടിട്ടില്ല ഗ്രേറ്റ ഇതുവരെ. റേച്ചലിനെ കൊന്ന അതേ ലാഘവത്തിൽ ഗ്രേറ്റയെ കൊല്ലാൻ കഴിയുന്ന സാഹചര്യമല്ല ഇന്ന് ഇസ്രായേലിനുള്ളത്. പതിനായിരങ്ങൾക്ക് ജീവൻ ബലി കൊടുക്കേണ്ടി വന്നെങ്കിലും ഇസ്രായേൽ എന്ന കൊളോണിയൽ ഭീകരവാദി രാജ്യം ലോകത്തിനു മുന്നിൽ വെളിപ്പെട്ട് നിൽക്കുന്ന കാലമാണിത്. എവിടെയോ ഇരുന്നു പലസ്തീനിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കണ്ണുനീരൊഴുക്കുന്ന നമുക്കോരോരുത്തർക്കും ആശ്വസിക്കാം ഗ്രേറ്റയുടെ ജീവൻ നിലനിർത്തുന്നതിൽ ഒരു ചെറിയ പങ്ക് നമ്മുടെ മനസ്സാക്ഷിക്കുമുണ്ടെന്ന്.
Content Highlights: Arundhathi B Rachel Corrie And Greta Thunberg Over Palestine israel issue