പരാതി പ്രളയത്തിൽ മുങ്ങി റെയിൽവേ! രണ്ട് വർഷത്തിനിടെ ലഭിച്ചത് 61 ലക്ഷം പരാതികൾ; കൂടുതലും ഇവയെക്കുറിച്ച്

ലഭിക്കുന്ന പരാതികളുടെ എണ്ണം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് റെയിൽവേ

പരാതി പ്രളയത്തിൽ മുങ്ങി റെയിൽവേ! രണ്ട് വർഷത്തിനിടെ ലഭിച്ചത് 61 ലക്ഷം പരാതികൾ; കൂടുതലും ഇവയെക്കുറിച്ച്
dot image

ലോകത്തെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേയുടേത്. നിരവധി യാത്രക്കാരാണ് ഒരു ദിവസം മാത്രം റെയിൽവേ ഉപയോഗിക്കുന്നത്. റെയിൽവേ ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനുകളുടെ എണ്ണവും അത്രയ്ക്കും വലുതാണ്. ഇത്തരത്തിൽ വലിയ സംവിധാനമാണ് നമ്മുടെ റെയിൽവേ.

ഇത്തരത്തിലെല്ലാം ഉണ്ടായിട്ടും പല കാര്യങ്ങളിലും നമ്മൾ പിന്നിലാണ്. ട്രെയിനുകളിലെ സുരക്ഷ, വൃത്തി, ഭക്ഷണവിതരണം തുടങ്ങി പല കാര്യങ്ങളിലും നമുക്ക് പോരായ്മകളുണ്ട്. ഇതിൽ യാത്രക്കാർ പലപ്പോഴുമായി പരാതി പറയാറുമുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് റെയിൽവേ.

കഴിഞ്ഞ രണ്ട് സാമ്പത്തികവർഷത്തിൽ മാത്രം റെയിൽവേ ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതികളുടെ എണ്ണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചന്ദ്ര ശേഖർ ഗൗർ എന്ന വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് റെയിൽവേ ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. നൂറും ആയിരവുമൊന്നുമല്ല, 61 ലക്ഷം പരാതികളാണ് റെയിൽവേക്ക് ഈ രണ്ട് സാമ്പത്തിക വർഷങ്ങളിൽ മാത്രം ലഭിച്ചത്.

2023 -24 സാമ്പത്തിക വർഷത്തിൽ 28.96 ലക്ഷം പരാതികളാണ് റെയിൽവേക്ക് ലഭിച്ചത്. 2024 -25 സാമ്പത്തികവർഷത്തിൽ അത് 32 ലക്ഷമായി ഉയർന്നു. 11% കൂടുതൽ പരാതികൾ ലഭിച്ചു. സുരക്ഷയെ സംബന്ധിച്ചായിരുന്നു ലഭിച്ച ഭൂരിഭാഗം പരാതികളും. 61 ലക്ഷം പരാതികളിൽ 12.07 ലക്ഷം പരാതികൾ ട്രെയിനുകളിലെ സുരക്ഷയെപ്പറ്റിയായിരുന്നു.

ട്രെയിനുകളിലെ ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ തകരാറുകളായിരുന്നു അടുത്തത്. എട്ടര ലക്ഷം പരാതികളാണ് രണ്ട് വർഷത്തിൽ ലഭിച്ചത്. കോച്ചുകളുടെ വൃത്തിയെ സംബന്ധിച്ച് എട്ടര ലക്ഷം പരാതികൾ, വെള്ളം, പെരുമാറ്റം, ഭക്ഷണം തുടങ്ങിയവയ്‌ക്കായിരുന്നു മറ്റ് പരാതികൾ.

കൃത്യനിഷ്ഠയെ സംബന്ധച്ചുള്ള പരാതികളുടെ എണ്ണം കുറഞ്ഞു എന്നാണ് കണക്കുകൾ പറയുന്നത്. കോച്ചുകളുടെ വൃത്തിയെ സംബന്ധിച്ചുള്ള പരാതികളിലും ചെറിയ കുറവുണ്ടായി. അൺറിസർവ്ഡ് ടിക്കറ്റുകളെ സംബന്ധിച്ചുള്ള പരാതികളിലാണ് വലിയ കുറവ് വന്നിരിക്കുന്നത്. 40% കുറവാണ് അവയിൽ ഉണ്ടായിരിക്കുന്നത്. റീഫണ്ടുകൾ, പാർസൽ പ്രശ്നങ്ങൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള പരാതികളിലും ഗണ്യമായ കുറവ് വന്നു.

Content Highlights: complaints on railways increased highly by 2 years

dot image
To advertise here,contact us
dot image