
ഭോപ്പാല്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാരായ കൈലാഷ് വിജയ് വര്‍ഗിയയും കുൻവർ വിജയ് ഷായും. സഹോദരങ്ങള്‍ പരസ്യമായി ചുംബിക്കുന്നത് വിദേശ രീതിയാണ് എന്നാണ് ഇരുവരുടെയും സ്‌നേഹപ്രകടനത്തെ അധിക്ഷേപിച്ച് വിജയ് വര്‍ഗിയ പറഞ്ഞത്. ഇതിനെ പരസ്യമായി പിന്തുണച്ച് മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായും രംഗത്തെത്തി. സഹോദരങ്ങള്‍ ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ലെന്നും ഇത്തരം കാര്യങ്ങള്‍ വീടിനകത്ത് മതി, പൊതുസ്ഥലങ്ങളില്‍ വേണ്ട എന്നുമാണ് വിജയ് ഷാ പറഞ്ഞത്.
'അദ്ദേഹം (വിജയ് വര്‍ഗിയ) പറഞ്ഞത് വളരെ ശരിയാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഒരു സഹോദരനും തന്റെ സഹോദരിയെ പരസ്യമായി ചുംബിക്കാറില്ല. പരസ്യമായി സഹോദരിയെ ചുംബിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. നമ്മുടെ ആചാരങ്ങള്‍ക്കും പാരമ്പര്യത്തിനും ഒട്ടും യോജിച്ചതുമല്ല. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ അത് അവരുടെ വീടുകളില്‍ ചെയ്യണം. അല്ലാതെ പൊതുസ്ഥലങ്ങളിലല്ല': എന്നാണ് വിജയ് ഷാ പറഞ്ഞത്. പ്രസംഗത്തിനിടെ വേദിയിലുണ്ടായിരുന്ന എംഎല്‍എ കാഞ്ചന്‍ തന്‍വെയെ ചൂണ്ടിക്കാണിച്ച്, അവര്‍ എന്റെ യഥാര്‍ത്ഥ സഹോദരിയാണ്. എന്നുവെച്ച് ഞാന്‍ അവരെ ചുംബിക്കണോ? ഇന്ത്യന്‍ സംസ്‌കാരവും നാഗരികതയും അതല്ല നമ്മെ പഠിപ്പിക്കുന്നത് എന്നും കുൻവർ വിജയ് ഷാ പറഞ്ഞു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി വിജയ് വര്‍ഗിയ രംഗത്തെത്തിയിരുന്നു. താന്‍ സഹോദരി-സഹോദര ബന്ധത്തിന്റെ പവിത്രതയെ ചോദ്യംചെയ്തതല്ലെന്നും പാശ്ചാത്യ സംസ്‌കാരത്തെക്കുറിച്ച് പറയുമ്പോഴാണ് അക്കാര്യം പറഞ്ഞതെന്നുമാണ് വിജയ് വര്‍ഗിയയുടെ വിശദീകരണം. ഇരു നേതാക്കള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്നവര്‍ മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും ഇരുവരെയും പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
Content Highlights: Kissing siblings in public is a foreign practice: BJP ministers against Rahul Gandhi and Priyanka