
ട്രെയിൻ യാത്ര ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി മാറിയിട്ടും ഇന്നും പല റെയിൽവെ നിയമങ്ങളും പലർക്കും അറിയില്ലെന്നതാണ് വാസ്തവം. ജനറൽ കമ്പാർട്ട്‌മെന്റിൽ ഒരു ദിവസം യാത്ര ചെയ്താൽ മനസിലാകും മറ്റ് യാത്രക്കാർക്ക് നമ്മൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും അതിൻ്റെ നിയമലംഘനങ്ങളുമൊന്നും അറിയാതെയാണ് പലരും യാത്ര ചെയ്യുന്നത്. ട്രെയിൻ യാത്ര ആരംഭിക്കുമ്പോൾ എത്രമാത്രം ഭാരമുള്ള ലഗേജാകണം നമ്മൾ കൊണ്ടുപോകുന്നതെന്ന് മുതൽ യാത്രക്കാർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. യാത്രയിൽ കൊണ്ടുപോകാവുന്ന ലഗോജിനും ഒരു അളവുണ്ട്. കോടിക്കണക്കിന് പേരാണ് എല്ലാദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇവർക്കായി ആയിരക്കണക്കിന് ട്രെയിനുകളാണ് സർവീസ് നടത്തുന്നതും. ചില യാത്രക്കാരെങ്കിലും വിചാരിക്കുന്നത്, തങ്ങൾക്ക് ഇഷ്ടമുള്ള അത്രയും ലഗേജുമായി ട്രെയിൻ യാത്ര നടത്താമെന്നാണ്. പക്ഷേ നിയമം അങ്ങനെയല്ല. ഇത് തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യമാണ്.
നിയന്ത്രിതമായ അളവിലുള്ള ലഗേജ് മാത്രമേ ട്രെയിൻ യാത്രയിൽ കൂടെ കരുതാവു. അല്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരും. ലഗേജ് പരിധിൽ അധികമാണെങ്കിൽ ടിടിഇ ഇത് ചോദ്യം ചെയ്യും. സെക്കന്റ് ക്ലാസ് യാത്ര ചെയ്യുന്നവരാണ് ഇക്കാര്യത്തിൽ കൂടുതൽ ബോധവാന്മാരാകേണ്ടത്. എക്‌സ്ട്രാ ചാർജ് വരാതെ 35 കിലോ ഭാരമുള്ള ലഗേജ് വരെ സെക്കന്റ് ക്ലാസ് യാത്രയിൽ ഒപ്പം കൊണ്ടുപോകാം. 35 മുതൽ 70 കിലോഗ്രാം വരെ ഭാരമുള്ള ലഗേജാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ അധിക ചാർജ് ഈടാക്കും. ഇനി എഴുപത് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ലഗേജ് ആണെങ്കിലോ? അത് റിസർവ് ലഗേജ് വാനിലേക്ക് മാറ്റും. അതിനായി വേറെ ബുക്ക് ചെയ്യണം. സാധാരണയായി നിങ്ങളുടെ ലഗേജിന്റെ ഭാരമളക്കാൻ ആരും വരാറില്ല. എന്നാൽ ടിടിഇയ്ക്ക് സംശയം തോന്നിയാൽ പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ലഗേജിന്റെ ഭാരം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഇനി എത്രരൂപയാണ് പിഴ നല്‍കേണ്ടതെന്ന് അറിയണ്ടേ? 35 കിലോഗ്രാമില്‍ കൂടുതലാണ് നിങ്ങളുടെ ലഗേജിന്റെ ഭാരമെങ്കില്‍, മാത്രമല്ല ഇതിനായി അഡ്വാന്‍സ് ബുക്കിങ് നടത്തിയിട്ടുമില്ലെങ്കില്‍, പിഴ ഈടാക്കും. 35 മുതല്‍ 45 കിലോഗ്രാം വരെ ഭാരത്തിന് ചെറിയൊരു തുകയാകും ഈടാക്കുക, ഇനി 45 കിലോഗ്രാമില്‍ കൂടുതലാണ് നിങ്ങളുടെ ലഗേജ് എങ്കില്‍ ലഗേജിന് നിങ്ങള്‍ എത്ര രൂപയാണോ ആദ്യം അടയ്‌ക്കേണ്ടത് അതിന്റെ ആറിരട്ടി പിഴയായി ഈടാക്കും. അതായത് ബുക്കിങില്‍ നിങ്ങള്‍ക്ക് ലഗേജ് ചാര്‍ജ് നൂറ് രൂപയാണങ്കില്‍, ബുക്ക് ചെയ്യാത്തത് മനസിലാക്കിയാല്‍ 600 രൂപ പിഴ ഒടുക്കേണ്ടി വരും. ടിടിഇ ഇത് നേരിട്ട് തന്നെ പിഴ ഈടാക്കും. അതിനാല്‍ യാത്ര ചെയ്യും മുമ്പ് ലഗേജിന്റെ ഭാരം അറിഞ്ഞിരിക്കാം.
Content Highlights: If you book a second class train ticket, then you should check luggage weight