കാന്താരയുടെ ഷൂട്ടിനിടെ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ല; റിഷബ് ഷെട്ടി

'ഞാൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു'

കാന്താരയുടെ ഷൂട്ടിനിടെ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ല; റിഷബ് ഷെട്ടി
dot image

പ്രേക്ഷകർ ഏറെ കാത്തിരുന്ന കാന്താരയുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. വമ്പൻ കാൻവാസിൽ ഒരു വിഷ്വൽ വിസ്മയം തന്നെയാകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്ന സമയത്ത് താൻ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ റിഷബ് ഷെട്ടി.

സിനിമയുടെ ഷൂട്ടിനിടെ മാംസാഹാരം കഴിക്കുകയോ ചെരുപ്പ് ധരിക്കുകയോ ചെയ്തിരുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു അത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടൻ. 'സിനിമ മുഴുവനായുമല്ല, ചില രംഗങ്ങളിൽ മാത്രം. ഇത് ഞാൻ മുൻപ് ചെയ്തിട്ടുള്ള ഒന്നല്ലാത്തതുകൊണ്ട് എനിക്ക് മനസ്സിന് വ്യക്തത ആവശ്യമായിരുന്നു. യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാൻ ഞാൻ ആഗ്രഹിച്ചില്ല. അത് ഞാൻ വിശ്വസിക്കുന്ന ഒരു ദൈവമാണ് അതിനാൽ ആ സമയത്ത് ഞാൻ സ്വയം നിയന്ത്രിച്ചു. സാധാരണ ചിത്രീകരണം നടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ സെറ്റിലുണ്ടാകും. എന്നാൽ ഈ ഭാഗങ്ങൾ ഞാൻ അങ്ങനെയല്ല ചിത്രീകരിച്ചത്. ഞാൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. ഞാൻ അതിനെ ബഹുമാനിക്കുന്നു', റിഷബിന്റെ വാക്കുകൾ.

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ട് എന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 'കാന്താര ചാപ്റ്റർ 1 തിയേറ്ററിൽ കാണുന്നത് വരെ പ്രേക്ഷകർ മൂന്ന് വിശുദ്ധ കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്, മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത്', എന്നിവയാണ് ആ മൂന്ന് കാര്യങ്ങൾ. കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. പിന്നാലെ അത് ആരോ വ്യാജമായി നിർമിച്ച പോസ്റ്റർ ആണ് അതെന്നും പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും റിഷബ് പറഞ്ഞു.

റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Content Highlights: Rishab Shetty about Shooting experience of Kantara 2

dot image
To advertise here,contact us
dot image