
കേരളവര്‍മ്മ വലിയകോയിത്തമ്പുരാൻ്റെ പേര് നാം കേട്ടിട്ടുള്ളത് സാഹിത്യപ്രതിഭയെന്ന നിലയിലാണ്. കേരളകാളിദാസന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം കാളിദാസ കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും മലയാള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആ അതുല്യപ്രതിഭ ഒരു ദുരന്തത്തിൻ്റെ പേരിൽ കൂടിയാണ് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യത്തെ റോഡപകടത്തില്‍ കൊല്ലപ്പെട്ട വ്യക്തി കൂടിയാണ് അദ്ദേഹം. മോട്ടോര്‍ വാഹനം മൂലം ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുളള ആദ്യത്തെ വാഹനാപകടമായിരുന്നു അത്. 1914 സെപ്റ്റംബര്‍ 22 നാണ് അപകടം നടക്കുന്നത്.
അക്കാലത്ത് 1910 - 1912 നും ഇടയിലുള്ള സമയത്താണ് തിരുവതാംകൂറില്‍ മോട്ടോര്‍ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷനും ആളുകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും നല്‍കാനാരംഭിച്ചത്. ആ സമയത്ത് ഇറക്കുമതി ചെയ്ത കാറുകളിലൊന്ന് കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും സ്വന്തമാക്കിയിരുന്നു.
കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും മരുമകനായ കേരളപാണിനി എ ആര്‍ രാജരാജവര്‍മ്മയും അദ്ദേഹത്തിന്റെ പരിചാരകനും കൂടി വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ പോയി. തിരികെ കാറില്‍ തിരുവനന്തപുരത്തെ കൊട്ടാരത്തിലേക്ക് മടങ്ങുമ്പോള്‍ കായംകുളം കുറ്റിത്തെരുവ് ജംഗ്ഷനില്‍വച്ച് ഒരു തെരുവുനായ വാഹനത്തിന് കുറുകെ ചാടി. നായയെ രക്ഷിക്കാന്‍ ഡ്രൈവര്‍ കാര്‍ വെട്ടിക്കുകയും നിയന്ത്രണം വിട്ട കാര്‍ വലിയകോയിത്തമ്പുരാന്‍ ഇരുന്ന ഭാഗത്തേക്ക് മറിയുകയും ചെയ്തു.
എന്നാല്‍ തമ്പുരാന് പരിക്ക് പറ്റിയതിന്റെ ലക്ഷണമൊന്നും കണ്ടില്ല. അപകടത്തില്‍ പരിചാരകന്റെ കാല് ഒടിയുകയും മറ്റുളളവര്‍ക്ക് നിസ്സാരമായ പരിക്ക് പറ്റുകയും ചെയ്തു. സമീപത്തുളള വീട്ടില്‍ കയറി വെള്ളംകുടിച്ച് വിശ്രമിച്ച അവര്‍ എആര്‍ രാജരാജവര്‍മ്മയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലേക്ക് പോയി. അവിടെ കൊട്ടാരം വൈദ്യന്‍ കൂടിയായിരുന്ന വല്യത്താന്‍ ഡോക്ടറുടെ ചികിത്സയിസലിരിക്കുമ്പോള്‍ തന്റെ 69ാം വയസില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങി.
നായ കുറുകെ ചാടിയതും അമ്മാവന്‍ ഇരുന്ന ഭാഗത്തേക്ക് കാര്‍ മറിഞ്ഞതും പുറമേ പരിക്കില്ലായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നെഞ്ച് ശക്തമായി കാറിലോ നിലത്തോ ഇടിച്ചതാകാം മരണകാരണമെന്നും എ ആര്‍ രാജരാജവര്‍മ്മ തന്റെ ഡയറിക്കുറിപ്പില്‍ എഴുതിയിരുന്നു. വലിയകോയിത്തമ്പുരാന്റെ മരണത്തെക്കുറിച്ച് 'വിവേകോദയം' മാസികയില്‍ മഹാകവി കുമാരനാശാനും ലേഖനം എഴുതിയിരുന്നു.
Content Highlights :111 years after the first car accident in the country, this royal family member became a martyr