
തമിഴ് സിനിമയിൽ ചില നടൻമാർ തങ്ങളുടെ സിനിമ വിജയിപ്പിക്കാനായി മറ്റു നടന്മാരുടെ സിനിമകളെ യൂട്യൂബർമാരെ ഉപയോഗിച്ച് പരാജയപ്പെടുത്തുന്നു എന്ന് നടൻ വടിവേലു. നടികർ സംഘത്തിൽ പല നടന്മാർക്ക് അടക്കം ഈ വിഷയത്തിൽ പങ്കുണ്ടെന്ന് വടിവേലു പറഞ്ഞു. തമിഴ് താരസംഘടനയായ നടികർ സംഘത്തിന്റെ 69-ാമത് ജനറൽ കമ്മിറ്റി യോഗത്തിലാണ് വടിവേലു ഇക്കാര്യം പറഞ്ഞത്.
'ചില നടന്മാർ, തങ്ങളുടെ സിനിമ വിജയിക്കാൻ വേണ്ടി യൂട്യൂബർമാരെ ഉപയോഗിച്ച് എതിരാളികളായ നടന്മാരുടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ സിനിമാ കലാകാരന്മാരെക്കുറിച്ച് മോശമായി സംസാരിച്ച് ചെറിയ കാര്യങ്ങൾ അവർ ഊതിപ്പെരുപ്പിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് കൗൺസിലിലെ ചിലർ ആളുകളെക്കൊണ്ട് ആ സിനിമയെക്കുറിച്ചും ഈ സിനിമയെക്കുറിച്ചും സംസാരിപ്പിക്കുകയാണ്. നടികർ സംഘത്തിലെ ചിലർക്കും ഈ വിഷയത്തിൽ പങ്കുണ്ട്. നടികർ സംഘത്തിൽ ആരും ഈ പ്രവൃത്തിയെ അപലപിക്കുന്നില്ല. നടന്മാരെ സംരക്ഷിക്കാനാണ് നടികർ സംഘം ഉള്ളത്. 10 പേർ സിനിമയെത്തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. നടികർ സംഘം ഇത് തടയണം', വടിവേലുവിന്റെ വാക്കുകൾ.
അതേസമയം, മാരീസൻ ആണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ വടിവേലു ചിത്രം. ഫഹദ് ഫാസിലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന് ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്തത്. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കിയത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിർവഹിച്ചു.
Content Highlights: Vadivelu comments against tamil actors