
ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ വിജയത്തിന് ശേഷം പാകിസ്താൻ ടീമുമായി ശത്രുത ഒന്നുമില്ലെന്നും അങ്ങനെ ശക്തമായ ഒരു മത്സരം പോലും നടക്കാത്ത കളിയെ എങ്ങനെ എതിരാളികളായി കണക്കാക്കുമെന്നും സൂര്യ ചോദിച്ചു. വർഷങ്ങളായിട്ട് ഇന്ത്യക്കാണ് അപ്പർ ഹാൻഡെന്നും അദ്ദേഹം പറഞ്ഞു. ആറ് വിക്കറ്റിന് മത്സരത്തിൽ ഇന്ത്യ ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഈ ശത്രുതയെ കുറിച്ച് ചോദിക്കുന്നത് നിങ്ങൾ നിർത്തണം. 15-20 മത്സരങ്ങളിൽ കളിച്ച് അതിൽ 8-7 അല്ലെങ്കിൽ 7-7 ഇങ്ങനെയൊക്കെ റിസൽട്ടുണ്ടെങ്കിൽ ഈ ചോദ്യത്തിന് അർത്ഥമുണ്ട്. എന്നാൽ ഇത് 13-0 അല്ലെങ്കിൽ 10-1 എന്നൊക്കെയുള്ള സാഹചര്യമാണ്. അങ്ങനെ വരുമ്പോൾ ഇത് ഒരു റൈവൽറിയൊ ശത്രുതയുമോ അല്ല. ഞങ്ങൾ അവരേക്കാള്‍ നല്ല ക്രിക്കറ്റ് കളിച്ചതായി തോന്നുന്നു.
പാകിസ്താനെതിരെ കളിച്ച അവസാന നാല് ടി-20 മത്സരത്തിലും ഇന്ത്യയാണ് വിജയിച്ചത്. അതേസമയം സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കിനിൽക്കേ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഓപ്പണർമാരായ അഭിഷേക് ശർമയുടെയും ഗില്ലിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 172 റൺസെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ഇരുവരും സമ്മാനിച്ചത്
ഗിൽ 28 പന്തിൽ 47 റൺസും അഭിഷേക് 39 പന്തിൽ നിന്നും 74 റൺസും സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തിരുന്നു. മത്സരത്തിൽ നാല് നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാകിസ്താന് വേണ്ടി സഹിബ്‌സാദ ഫർഹാൻ അർധസെഞ്ച്വറി നേടി. 45 പന്തിൽ നിന്ന് 58 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്‌കോറർ.
Content Highlights- Suryakumar Yadav Says Pakistan And India is Not Rivalry Anymore