മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല, 100-ാമത്തെ സിനിമ അദ്ദേഹത്തിനൊപ്പം തന്നെ; പ്രിയദർശൻ

1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്

മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല, 100-ാമത്തെ സിനിമ അദ്ദേഹത്തിനൊപ്പം തന്നെ; പ്രിയദർശൻ
dot image

മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കോമ്പോ. എന്നും ഓർത്ത് ചിരിക്കാവുന്ന ഒരുപിടി നല്ല സിനിമകളാണ് ഈ കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ചിട്ടുള്ളത്. തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് പ്രിയദർശൻ ഇപ്പോൾ. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.

'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണ്. കാരണം ഞാൻ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരൻ മോഹൻലാൽ ആണ്. അദ്ദേഹം എന്നെ സിനിമകൾ എടുക്കാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹൻലാൽ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്. കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകൻ നൂറാമത്തെ സിനിമയിലും മോഹൻലാൽ ആകും നായകൻ. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തിൽ സംഭവിച്ചിട്ടില്ല', പ്രിയദർശന്റെ വാക്കുകൾ.

മോഹൻലാലിനൊപ്പം 44 നും മേലെ സിനിമകൾക്ക് പ്രിയദർശൻ ഒന്നിച്ചിട്ടുണ്ട്. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്. സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഹൈവാൻ' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രിയദർശൻ ചിത്രം.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Content Highlights: Priyadarshan about his 100th film with Mohanlal

dot image
To advertise here,contact us
dot image