
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോഴും നാഥനില്ലാതെ സംസ്ഥാന യൂത്ത് കോൺഗ്രസ്. കഴിഞ്ഞ മാസം 21-നാണ് രാഹുൽ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. അധ്യക്ഷനെ നിയമിക്കാൻ ദേശീയ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സമര സംഘടനയാകാൻ കഴിയാത്ത സ്ഥിതിയിൽ കൂടിയാണ് യൂത്ത് കോൺഗ്രസ്. സർക്കാർ വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം നൽകാൻ സംഘടനയ്ക്ക് അധ്യക്ഷനില്ല.
അധ്യക്ഷ നിയമനം വൈകുന്നതിൽ അമർഷം പുകയുന്നുമുണ്ട്. ഇതിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ അതൃപ്തി അറിയിച്ചു. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഭിമുഖം നടത്താനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനമെങ്കിലും എപ്പോൾ നടത്തുമെന്നതിൽ വ്യക്തതയില്ല. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിൻ വർക്കി, ഒ ജെ ജിനീഷ് കുമാർ, ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ, എൻ എസ് യു മുൻ ദേശീയ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരാണ് അന്തിമ പട്ടികയിൽ.
അബിൻ വർക്കിയെ പരിഗണിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഐ ഗ്രൂപ്പ്. സംഘടനാ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനം ലഭിച്ച അബിൻ വർക്കിക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നാണ് നിലപാട്. അതേസമയം, കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിലിന് വേണ്ടി കെ സി വേണുഗോപാൽ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും അധ്യക്ഷ നിയമനം വൈകുന്നത് പ്രവർത്തനത്തെ ബാധിക്കുന്നതായി പരാതി ഉയർന്നിട്ടുള്ളതിനാൽ ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ദേശീയ അധ്യക്ഷൻ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ആശയ വിനിമയം നടത്തി.
Content Highlights: appointment of youth congress state president delays