സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ കയറാന്‍ അവസരം

വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന

dot image

ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെത്തന്നെ അടിമുടി മാറ്റിമറിച്ച ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനാണ് വന്ദേഭാരത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും വ്യത്യാസം പ്രകടമാണ്. ടിക്കറ്റ് കൂടുതലാണെങ്കിലും രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എല്ലാ റൂട്ടുകളിലും സൂപ്പര്‍ ഹിറ്റാണ്.

എന്നാല്‍ സാധാരണക്കാര്‍ വന്ദേഭാരതില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചാലും ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ പലര്‍ക്കും ഇതിന് സാധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ യാത്രചെയ്യാന്‍ അവസരമുണ്ടത്രേ. ഇപ്പോഴിതാ വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് കൂടി താങ്ങുന്ന രീതിയിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ആലോചന. മറ്റ് ട്രെയിനുകളുടെ സര്‍വ്വീസ് ഓപ്പറേഷന്‍ മെയിന്റനന്‍സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് വന്ദേഭാരതിനായി ചെലവഴിക്കുന്ന തുക എന്നതാണ് ടിക്കറ്റ് നിരക്കിലും കാണപ്പെടുന്ന വ്യത്യാസം.

വന്ദേഭാരത് ട്രെയിന്‍ ആയിരം കിലോ മീറ്റര്‍ ഓടിക്കാന്‍ അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ് ചെലവ് വരുന്നത്. ഊര്‍ജത്തിനായി മാത്രം മൂന്നര ലക്ഷം രൂപയാണ് മാറ്റിവയ്ക്കുന്നത്.

ജീവനക്കാരുടെ ശമ്പളത്തിനായി ഓരോ സര്‍വ്വീസില്‍ നിന്ന് 50,000 രൂപയാണ് മാറ്റിവയ്ക്കുന്നത്. ക്ലീനിംഗ് , കാറ്ററിംഗ് മറ്റ് സേവനങ്ങള്‍ക്കെല്ലാം വിമാനത്തിലേതിന് തുല്യമായ രീതിയിലാണ് നല്‍കുന്നത്. അതുകൊണ്ട് ഇവിടെ ചെലവും കൂടുതലാണ്. ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനം നടപ്പിലായാല്‍ അത് ഏറ്റവും വലിയ ആശ്വാസം നല്‍കുന്നത് സാധാരണക്കാരായ യാത്രക്കാര്‍ക്കാണ്. എന്നാല്‍ അതോടൊപ്പം തന്നെ നിരക്ക് കുറയുമ്പോള്‍ ആവശ്യക്കാര്‍ കൂടുന്നത് ടിക്കറ്റ് ലഭ്യതയെ ബാധിക്കാനും സാധ്യത കൂടുതലാണ്.

Content Highlights :Common people also have the opportunity to board Vande Bharat. Discussions regarding reducing Vande Bharat ticket prices

dot image
To advertise here,contact us
dot image