മഴക്കെടുതി: സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല, തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ

മുന്നറിയിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്നും പ്രതികരണം

മഴക്കെടുതി: സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല, തിരുവല്ലയിൽ മാത്രമാണ് പ്രശ്നമുള്ളത്: മന്ത്രി എ പി അനിൽ കുമാർ
dot image

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ പ്രതികരണവുമായി റവന്യൂ വകുപ്പ് മന്ത്രി എ പി അനില്‍ കുമാര്‍. ദുരന്തനിവാരണത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും മന്ത്രി പറഞ്ഞു. ദുരന്ത മേഖലാ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി വേണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പ് വേണ്ടയിടങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി. ആകെ ഒരു ക്യാമ്പില്‍ നിന്ന് മാത്രമാണ് പരാതി വന്നതെന്നും അത് ഉടന്‍ തന്നെ പരിഹരിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ആറന്മുള ക്യാമ്പില്‍ പ്രഭാത ഭക്ഷണം എത്തിയില്ലെന്ന പരാതിയാണ് ഉയര്‍ന്നത് അത് അപ്പോള്‍ തന്നെ പരിഹരിച്ചു' എന്നാണ് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞത്. സര്‍ക്കാരിന് ഒരു പാളിച്ചകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജാഗ്രതാ മുന്നറിയിപ്പ് കൊടുത്തില്ലെന്ന പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. 'അലേര്‍ട്ട് നല്‍കേണ്ടത് കാലാവസ്ഥ വകുപ്പാണ് സര്‍ക്കാര്‍ അല്ല' എന്നാണ് മന്ത്രി പ്രതികരിച്ചത്. മുന്നറിയിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തങ്ങളുടെ കുഴപ്പമല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് തങ്ങള്‍ക്ക് തരുന്ന മുന്നറിയിപ്പ് അതാത് സമയങ്ങളില്‍ നല്‍കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2018ലെ പ്രളയം വലിയ പാഠമായിരുന്നു എന്നും അതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ വിവാദ പരാമര്‍ശത്തിലും മന്ത്രി അനിൽ കുമാർ പ്രതികരിച്ചു. 'ഏതെങ്കിലും സ്ത്രീകളോട് അദ്ദേഹം ബസില്‍ കയറേണ്ട എന്ന് പറഞ്ഞോ' എന്നും സ്ത്രീകളെ അപമാനിക്കുന്നതല്ല ഈ സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വിശദീകരിച്ചു. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അനികുമാര്‍ പറഞ്ഞു.

ബസിന് കാശില്ലാത്ത സ്ത്രീകള്‍ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നുവെന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ അധിക്ഷേപ പരാമര്‍ശം. ദാരിദ്ര്യം അഭിനയിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റ് ഒഴിഞ്ഞു കിടക്കുന്നുവെന്നും ഫീസ് കൊടുക്കേണ്ടതില്ലാത്ത പ്രൈവറ്റില്‍ പോലും കുട്ടികളെ വിടാതെ ഫീസ് കൊടുക്കേണ്ട സ്‌കൂളിലേക്ക് വിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


'ഇതേ സ്ത്രീ അച്ഛനെയും ഭര്‍ത്താവിനെയും കൊണ്ട് സര്‍ക്കാര്‍ ആശുപത്രിയിലെ വരാന്തയില്‍ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുന്നു. സ്വകാര്യ ആശുപത്രിയില്‍ നല്‍കാന്‍ പണമില്ല, ബസ് വന്നാല്‍ കാശ് കുറഞ്ഞ ട്രാന്‍സ്പോര്‍ട്ടില്‍ തള്ളിക്കയറും. പ്രിയദര്‍ശിനി വന്നപ്പോള്‍ സ്വകാര്യ ബസ് വിട്ട് പ്രിയദര്‍ശിനിയില്‍ തിക്കി തിരക്കി ആളുകള്‍ പോകുന്നതിന്റെ കാരണം സ്വകാര്യ ബസിനോടുള്ള വിരോധമോ എന്നോടുള്ള സ്നേഹമോ അല്ല, കുടുംബിനികളുടെ കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ടാണ്', എന്നായിരുന്നു സി പി ജോണ്‍ പറഞ്ഞത്. 

Content Highlights: Minister A P Anilkumar said there was no lapse from the government's side in handling the rain-related crisis in the state.

dot image
To advertise here,contact us
dot image