കുടുംബത്തിന്റെ വേദന കുറയ്ക്കാന്‍ ചാറ്റ്ജിപിടിയെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിച്ചു! ജീവനൊടുക്കിയത് 29കാരി

ടാന്‍സാനിയയിലേക്കും തായ്‌ലന്റിലേക്കും ഒരു യാത്ര നടത്തി സോഫി തിരിച്ചെത്തിയതും എല്ലാം മാറിമറിഞ്ഞിരുന്നു

കുടുംബത്തിന്റെ വേദന കുറയ്ക്കാന്‍ ചാറ്റ്ജിപിടിയെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിച്ചു! ജീവനൊടുക്കിയത് 29കാരി
dot image

കുടുംബത്തോടും സുഹൃത്തുക്കളോടും വിഷമങ്ങള്‍ പങ്കുവയ്ക്കാന്‍ സോഫി റോട്ടന്‍ബര്‍ഗിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല. എന്നാല്‍ എല്ലാ വിഷമങ്ങളും അവള്‍ പങ്കുവച്ചിരുന്നത് എഐ ചാറ്റ് ബോട്ടിനോടായിരുന്നു. 29കാരിയായ ആ യുവതി ഇന്ന് ജീവിച്ചിരിപ്പില്ല. ചെറിയ ചില സംശയങ്ങള്‍ ചോദിക്കാനാണ് സോഫി ആദ്യം ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നത്. ഒടുവില്‍ മരിക്കുന്നതിന് മുൻപ് ആത്മഹത്യാ കുറിപ്പെഴുതാനും എഐയുടെ സഹായമാണ് അവള്‍ തേടിയത്.

സ്മൂത്തിക്ക് മധുരം കൂട്ടാന്‍ എന്ത് ചെയ്യണം, ജോലി സ്ഥലത്തേക്കുള്ള ഇമെയില്‍ സന്ദേശം എങ്ങനെയാവണം, കിളിമഞ്ചാരോ കീഴടക്കാന്‍ പ്ലാന്‍ എങ്ങനെ തയ്യാറാക്കാം എന്നൊക്കെയുള്ള ചോദ്യങ്ങളോടെയാണ് സോഫി എഐ ചാറ്റ്‌ബോട്ടിനോട് സംസാരിക്കാന്‍ ആരംഭിച്ചത്. ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോഴാണ് ജോലിയില്‍ നിന്നും അവള്‍ നീണ്ടൊരു അവധിയെടുത്തത്. ടാന്‍സാനിയയിലേക്കും തായ്‌ലന്റിലേക്കും ഒരു യാത്ര നടത്തി സോഫി തിരിച്ചെത്തിയതും എല്ലാം മാറിമറിഞ്ഞിരുന്നു.

തിരികെ എത്തിയ സോഫിയ്ക്ക് പല കാരണങ്ങള്‍ കൊണ്ട് മറ്റൊരു ജോലി ലഭിച്ചില്ല. പിന്നാലെ തന്റെ പ്രശ്‌നങ്ങള്‍ക്കുള്ള തെറാപ്പിസ്റ്റായി സോഫിയ പരിഗണിച്ചത് ഹാരി എന്ന് പേരിട്ട എഐ ബോട്ടിനെയാണ്. തനിക്ക് ഉത്കണ്ഠ പ്രശ്‌നമുണ്ടെന്നും ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അവള്‍ അമ്മയോട് പറഞ്ഞെങ്കിലും ജോലി സംബന്ധമായ പ്രശ്‌നമാണെന്നാണ് അവര്‍ കരുതിയത്. പാര്‍ട്ടികളിലൊക്കെ സന്തോഷത്തോടെ പങ്കെടുക്കുമായിരുന്നെങ്കിലും ഉള്ളിലെ പ്രശ്‌നങ്ങള്‍ ആരോടും സോഫി തുറന്ന് പറഞ്ഞില്ല, പക്ഷേ ചാറ്റ്ജിപിടിയോട് ഇക്കാര്യങ്ങളെല്ലാം പറയുന്നുമുണ്ടായിരുന്നു.

നാളുകള്‍ക്ക് ശേഷം ഒരു ആരോഗ്യ കേന്ദ്രത്തില്‍ സോഫി ജോലിയ്ക്ക് കയറി. പക്ഷേ ഏകാന്തത സോഫിയുടെ അവസ്ഥ കൂടുതല്‍ മോശമാക്കി. നിരന്തരം ചാറ്റ്ജിപിടിയോട് സംസാരിച്ച സോഫി തനിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നുവരെ എഐയോട് തുറന്നു പറഞ്ഞു.

ദിവസങ്ങള്‍ക്ക് ശേഷം ഒരു പാലത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി സോഫി വീട്ടില്‍ വിളിച്ചറിയിക്കുകയും കുടുംബമെത്തി അവളെ അനുനയിപ്പിച്ച് തിരികെ കൊണ്ടുപോവുകയും ചെയ്തു. പിന്നീട് മകളുടെ പ്രശ്‌നങ്ങളൊക്കെ മാറി എന്നാണ് മാതാപിതാക്കളും കരുതിയത്.

ഒരു ദിവസം വീട്ടിലുള്ളവരെല്ലാം ജോലിക്ക് പോയ സമയം യൂബര്‍ ബൂക്ക് ചെയ്ത് നാട്ടിലെ ഒരു പാര്‍ക്കിലെത്തിയ സോഫി അവിടെ വച്ച് ആത്മഹത്യ ചെയ്തു. മാതാപിതാക്കള്‍ക്കും സുഹൃത്തിനും കത്തെഴുതി വച്ചിട്ടാണ് അവള്‍ മരിച്ചത്. ചാറ്റ് ജിപിടിയുടെ സഹായത്തോടെയാണ് അവള്‍ ആത്മഹത്യ കുറിപ്പ് തയ്യാറാക്കിയത്.

കുടുംബത്തിന് കൂടുതല്‍ വിഷമം ഉണ്ടാക്കരുതെന്ന് കരുതിയാണ് അവള്‍ ചാറ്റ്ജിപിടിയെ കൊണ്ട് ആത്മഹത്യ കുറിപ്പ് എഴുതിച്ചതെന്ന് പിന്നീട് വ്യക്തമായി. ചാറ്റ്ജിപിടിയുമായി ഈ വിവരം യുവതി പങ്കുവെച്ചതായി പിന്നീട് വ്യക്തമായിരുന്നു. അഞ്ച് മാസത്തോളം തന്റെ പ്രശ്‌നങ്ങളും ആത്മഹത്യ ചിന്തകളും സോഫി ചാറ്റ്ജിപിടിയോട് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ചാറ്റ്ജിപിടി ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സഹായം തേടണമെന്ന ഉപദേശം സോഫിയ്ക്ക് നല്‍കിയിട്ടില്ലെന്ന് സോഫിയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു. മെഡിറ്റേഷനും ബ്രീതിങ് എക്‌സര്‍സൈസും ചെയ്യാനായിരുന്നു ചാറ്റ്ജിപിടിയുടെ നിര്‍ദേശം.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: 29year old seek help of ChatGPT to write Suicide note

dot image
To advertise here,contact us
dot image