
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് നഗരങ്ങളാണ് ബെംഗളൂരുവും ഗുരുഗ്രാമും. രണ്ടും ടെക്ക് നഗരങ്ങൾ എന്ന നിലയിൽ അനുദിനം വളർന്നു വരുന്നവയാണ്. നിരവധി പേരാണ് രണ്ട് നഗരങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത്. ടെക്കികൾക്കുപരി നഗരവികസനത്തിന്റെ ഭാഗമായി തൊഴിലിനെത്തുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഇരു നഗരങ്ങളും നിറഞ്ഞുകവിഞ്ഞു എന്നുപറഞ്ഞാലും അതിൽ തെറ്റില്ല. എന്നാൽ ഈ രണ്ട് നഗരങ്ങളെയും താരതമ്യം ചെയ്‌താൽ ഏതായിരിക്കും മികച്ചത്?
ഇത്തരത്തിൽ റെഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രണ്ട് നഗരങ്ങളിലും മാറിമാറി ജീവിച്ച ഒരാളാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ആദ്യം ഗുരുഗ്രാമിനെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞുതുടങ്ങുന്നത്.
ഗുരുഗ്രാം ഇന്ത്യയുടെ ലീഡിങ് കോർപ്പറേറ്റ് ഹബ് ആണെങ്കിലും ഗ്രൗണ്ടിൽ അങ്ങനെയല്ല എന്നാണ് പോസ്റ്റിൽ പറയുന്നത്. കുഴികൾ നിറഞ്ഞ മോശം റോഡുകളാണ് ഗുരുഗ്രാമിൽ ഉള്ളത്. എന്തിന് പറയണം, കോടികൾ കൊടുത്ത് മേടിച്ച അപ്പാർട്മെന്റുകളിലേക്ക് പോകാൻ പോലും നിരവധി കുഴികൾ താണ്ടണമെന്ന് പോസ്റ്റിൽ പറയുന്നു. ഇതിന് പുറമെ മാലിന്യത്തിന്റെയും, തുറന്നുകിടക്കുന്ന ഓടകളുടെയും നാറ്റം വേറെ.
ഗുരുഗ്രാമിൽ മാലിന്യസംസ്കരണം വളരെ മോശമാണെന്നും പോസ്റ്റിൽ അഭിപ്രായപ്പെടുന്നു. പണക്കാരുടെയും മറ്റും നഗരമായിട്ടും ഇവിടം ആകെ അവഗണിക്കപ്പെട്ട് കിടക്കുകയാണ്. ആരും ഇതിനെതിരെ ശബ്ദമുയർത്താത്തതാണ് ഒരു മാറ്റവും ഉണ്ടാകാതെയിരിക്കാൻ കാരണം. ഇതിന് പുറമെ ഗുണ്ടകളുടെ ശല്യം, പൊതു ഗതാഗത സംവിധാനത്തിന്റെ മോശം അവസ്ഥ എന്നിവയും ഗുരുഗ്രമിന്റെ പ്രശ്നങ്ങളാണെന്നും പോസ്റ്റിൽ പറയുന്നു.
ഇനിയാണ് ബെംഗളുരുവിനെപ്പറ്റി പറയാൻ തുടങ്ങുന്നത്. ഗുരുഗ്രാമിനെ അപേക്ഷിച്ച് ബെംഗളൂരു എത്രയോ ഭേദം എന്നാണ് പോസ്റ്റിൽ പറയുന്നത്. ബെംഗളൂരുവിന് പ്രശ്നങ്ങളുണ്ട്, എന്നാൽ ഗുരുഗ്രാമിന്റെ അത്ര ഇല്ല എന്നും പറയുന്നു.
താരതമ്യേന വൃത്തിയുള്ളതും, പ്രശ്നങ്ങളിൽ ഇടപെടുന്ന ജനങ്ങളുളള നഗരവുമാണ് ബെംഗളൂരു. സുരക്ഷ, നിയമസംവിധാനങ്ങൾ ബെംഗളൂരുവിൽ ശക്തമാണ്. ട്രാഫിക് ഒരു പ്രശ്നം തന്നെയാണ് എന്നും താമസച്ചിലവ് അധികമാണ് എങ്കിലും ഗുരുഗ്രാമിനെ അപേക്ഷിച്ച് നോക്കുമ്പോൾ ജീവിതനിലവാരം ഉയർന്നതാണെന്നും പോസ്റ്റിൽ പറയുന്നു. ഉൾകൊള്ളാവുന്നതിലും അധികം ആളുകൾ ബെംഗളുരുവിലേക്ക് എത്തുന്നത് ഒരു പ്രശ്നമായി പോസ്റ്റിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നാൽ കൃത്യമായ ചിട്ടയുള്ള, ജീവിക്കാൻ സുഖമുള്ള ഒരു നഗരമാണ് ബെംഗളൂരു എന്നതിൽ തർക്കമില്ല എന്നും പോസ്റ്റിൽ പറയുന്നു.
Content Highlights: post comparing bengaluru and gurugram goes viral