ചാത്തന്മാർ വരുമോ? മറുപടിയുമായി 'ലോക' സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ | Lokah

ലോക 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്.

ചാത്തന്മാർ വരുമോ? മറുപടിയുമായി 'ലോക' സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ | Lokah
dot image

ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രമെന്ന് സംവിധായകൻ ഡൊമിനിക് അരുൺ. ഇപ്പോൾ അതിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെന്നും ഉടൻ തന്നെ ചിത്രം പ്രതീക്ഷിക്കാമെന്നും ഡൊമിനിക് പറഞ്ഞു. ചാത്തന്മാർ വരുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഡൊമിനിക് ഇക്കാര്യം വെളിപ്പെടുത്തിയത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡൊമിനിക് അരുൺ ഇക്കാര്യം പറഞ്ഞത്.

'നമ്മൾ പറയാതെ തന്നെ പ്രേക്ഷകർക്ക് പലതും മനസിലാകുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അടുത്ത ഇൻസ്റ്റാൾമെന്റുകൾ ആകുമ്പോഴേക്കും ഇത് കൂടുതൽ രസകരമാകും. അവർ പ്രതീക്ഷിച്ചത് തന്നെയാണ് സ്‌ക്രീനിൽ കാണുന്നത് എന്നൊക്കെ അറിയുമ്പോൾ അവർക്ക് കിട്ടുന്ന ഒരു ആവേശമുണ്ട്. സിനിമ ജനങ്ങൾക്കിടയിൽ ചർച്ചയാകുക എന്നത് ഏത് ഫിലിം മേക്കറുടെയും സ്വപ്നമാണ്. ടൊവിനോയുടെ ചാത്തൻ തന്നെയായിരിക്കും അടുത്ത ചാപ്റ്ററിലെ പ്രധാന കഥാപാത്രം. ആ സിനിമയുടെ പ്രാരംഭ ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. ഉടൻ തന്നെ പ്രതീക്ഷിക്കാം', ഡൊമിനിക് പറഞ്ഞു.

അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടിയിലധികം രൂപയാണ് കളക്ഷൻ നേടി മുന്നേറുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രമാണ് "ലോക". റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.

Also Read:

കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

Content Highlights: Dominic Arun says about the next installment of Lokah Universe

dot image
To advertise here,contact us
dot image