'ചിരിച്ച് വാക്കുകൊടുത്തുപോയവര്‍ക്ക് ബാധ്യതയുണ്ട്'; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി തിരുവഞ്ചൂരിന്റെ ശബ്ദരേഖ

കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴേണ്ട എന്ന് കരുതിയാണ് താന്‍ വിഷയത്തില്‍ ഇടപെട്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ

'ചിരിച്ച് വാക്കുകൊടുത്തുപോയവര്‍ക്ക് ബാധ്യതയുണ്ട്'; കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി തിരുവഞ്ചൂരിന്റെ ശബ്ദരേഖ
dot image

കല്‍പ്പറ്റ: പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും നേതാക്കളുടെ ആത്മഹത്യകളിലും പ്രതിരോധത്തിലായ വയനാട് കോണ്‍ഗ്രസ് നേതൃത്വത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഡിയോ ക്ലിപ് പുറത്ത്. വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുന്ന തിരുവഞ്ചൂരിന്റെ ഓഡിയോ ക്ലിപ് ആണ് പുറത്തുവന്നത്. രാഷ്ട്രീയത്തില്‍ നേരും നെറിയും വേണമെന്നും വിജയന്റെ കുടുംബത്തിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടല്‍ വേണ്ടതായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറയുന്നുണ്ട്. വിജയന്റെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലെ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

'പ്രശ്നം പരിഹരിക്കാന്‍ ഇടപെടല്‍ വേണ്ടതായിരുന്നു. പണം കൊടുക്കാം എന്ന് ചിരിച്ച് വാക്കുകൊടുത്ത് പോയവര്‍ക്ക് ബാധ്യതയുണ്ട്. കോണ്‍ഗ്രസ് പടുകുഴിയില്‍ വീഴണ്ട എന്ന് കരുതിയാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. ഇരുചെവി അറിയാതെ പ്രശ്‌നം അന്നേ പരിഹരിക്കേണ്ടതായിരുന്നു. വിജയന്റെ കുടുംബം പറയുന്നതിനോട് നൂറു ശതമാനം യോജിക്കുന്നു.' എന്നെല്ലാം തിരുവഞ്ചൂര്‍ പറയുന്നത് ഓഡിയോയില്‍ കേള്‍ക്കാം. വിജയന്റെ കുടുംബം തന്നെയാണ് ഓഡിയോ പുറത്തുവിട്ടത്.എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള് അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു തിരുവഞ്ചൂര്‍.

തിരുവഞ്ചൂരിന്റെ സംഭാഷണം ചര്‍ച്ചയായതോടെ ഇതില്‍ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. പുറത്തുവന്ന ഓഡിയോ താന്‍ കേട്ടിട്ടില്ലെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുത്തിരുന്നു എന്ന് അറിയിച്ചു. അത് പുറത്തുവിടണോ എന്ന് തീരുമാനിക്കേണ്ടത് നേതൃത്വമാണ്. പത്മജ നേരിട്ട് കണ്ടിരുന്നു. പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചിരുന്നു. സിദ്ധിഖിനെ വിശ്വസിക്കരുത് എന്ന് പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെ കുറിച്ച് അങ്ങനെ ഒരിക്കലും പറയില്ല. റിപ്പോര്‍ട്ടിലെ കുറേ കാര്യങ്ങള്‍ നടപ്പാക്കി എന്നാണ് വിശ്വാസം. എന്നാല്‍ എന്തൊക്കെ നടപ്പാക്കി എന്ന് അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. യനാട് പാര്‍ട്ടിക്കകത്ത് ചില ഇഷ്ടക്കേട് ഉണ്ടെന്നും പാര്‍ട്ടി അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പത്മജ വീട്ടില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. 'കൊലയാളി കോണ്‍ഗ്രസ്സേ, നിനക്കിതാ ഒരു ഇര കൂടി' എന്ന കുറിപ്പെഴുതി വച്ചായിരുന്നു പത്മജ ജീവനൊടുക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെയും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്. നേതാക്കള്‍ പറഞ്ഞ് പറ്റിച്ചുവെന്നും ഡിസിസി ഓഫീസിന് മുന്നില്‍ മക്കള്‍ക്കൊപ്പം നിരാഹാരമിരിക്കുമെന്നും പത്മജ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വിജയന്റെ കുടുംബത്തിന് പണം നല്‍കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. രണ്ട് കോടിയാണ് കടമുള്ളതെന്ന് കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ 20 ലക്ഷം മാത്രം നല്‍കി നേതൃത്വം കയ്യൊഴിയുകയായിരുന്നുവെന്നും എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആരോപിച്ചിരുന്നു.

ഡിസംബര്‍ 25-നാണ് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍എം വിജയനെയും മകന്‍ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഇതിന് ശേഷം പുറത്തുവന്ന എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പും അനുബന്ധ തെളിവുകളുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കുരുക്കായത്. ഐ സി ബാലകൃഷ്ണന്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍, പി വി ബാലചന്ദ്രന്‍ എന്നിവരുടെ പേരുകളടക്കം വിജയന്‍ കത്തില്‍ പരാമര്‍ശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിരുന്നത്.

Content Highlight; Thiruvanchoor Radhakrishnan against Congress

dot image
To advertise here,contact us
dot image