
അല്പദിവസം മുൻപാണ് കേന്ദ്രസർക്കാർ ജിഎസ്ടി സ്ലാബിൽ പരിഷ്‌കാരങ്ങൾ വരുത്തിയത്. 12%, 28% എന്നീ സ്ലാബുകൾ എടുത്തുകളഞ്ഞ് 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ നിലനിർത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സെപ്റ്റംബർ 22നാണ് പുതിയ സ്ലാബുകൾ നിലവിൽവരുക. സ്ലാബുകളിലെ മാറ്റം സാധാരണക്കാരനും മധ്യവർഗത്തിനും ആശ്വാസകരമാകും എന്നാണ് കരുതപ്പെടുന്നത്.
സ്ലാബുകളിലെ ഈ മാറ്റം വാഹനവിപണിയില്‍ ഉണര്‍ച്ചയുണ്ടാക്കിയിരിക്കുകയാണ്. കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങൾക്കാണ് ജിഎസ്ടി കുറയുന്നതോട് കൂടി വില കുറയുക. ഇതിൽ മധ്യവർഗ വിഭാഗവും സാധാരണക്കാരനും കൂടുതലായി ആശ്രയിക്കുന്ന വാഹനങ്ങളുമുണ്ട്. ബൈക്കുകളുടെ കാര്യമെടുത്താൽ ആളുകൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന കമ്പനിയാണ് യമഹയും ഹോണ്ടയും. യമഹ കഴിഞ്ഞ ദിവസം വിലക്കുറവുകൾ പരസ്യപ്പെടുത്തിയിരുന്നു. ഇപ്പോൾ ഹോണ്ടയും ആ ആനുകൂല്യം ജനങ്ങളിലേക്ക് കൈമാറുകയാണ്.
കഴിഞ്ഞ ദിവസമാണ് ഹോണ്ട വാഹങ്ങളുടെ വിലക്കുറവ് ജനങ്ങളെ അറിയിച്ചത്. 350 സിസി വരെയുള്ള തങ്ങളുടെ വാഹന മോഡലുകൾക്ക് 18800 രൂപ വരെ വിലക്കുറവുണ്ടാകും എന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. ഈ ആനുകൂല്യം സ്‌കൂട്ടറുകൾക്കും മോട്ടോർബൈക്കുകൾക്കും ലഭിക്കും. 28% സ്ലാബ് എടുത്തുകളഞ്ഞതോടെ നിലവിൽ 18%മാണ് ഇരുചക്രവാഹനങ്ങളുടെ ജിഎസ്ടി നിരക്ക്. ഇതോടെയാണ് വില കുറയുന്നത്.
യമഹയും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.ജിഎസ്ടി പരിഷ്‌കരണം നിലവില്‍ വരുന്നതോടും കൂടി യമഹ R15, FZ-S എന്നിവയ്ക്ക് 17,581 രൂപ വരെ വിലക്കുറവ് ലഭിക്കും. യുവാക്കൾക്കിടയിൽ ഏറ്റവും ഹിറ്റായ വണ്ടിയാണ് FZ-S. ഗിയർലെസ് സ്‌കൂട്ടറുകളായ റെയ്ക്ക് 7759 രൂപയും, ഫസിനോയ്ക്ക് 8509 രൂപയുമാണ് വിലയിൽ കുറവ് വരുക. 'ഉത്സവ സീസണില്‍ ഇരുചക്ര വാഹനങ്ങളുടെ ബിസിനസിന് ഉത്തേജനം നല്‍കാന്‍ ഈ നടപടി സഹായിക്കും. ഇരുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയിലാകുന്നതിലൂടെ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കും. ഈ പരിഷ്‌കരണം വ്യവസായത്തിന് പോസിറ്റീവ് ആക്കം സൃഷ്ടിക്കുകയും ചെയ്യും. യമഹയില്‍, ഈ ഇളവിന്റെ മുഴുവന്‍ ആനുകൂല്യവും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിലൂടെ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്', എന്നാണ് കമ്പനി വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
ജിഎസ്ടി പരിഷ്കരണം മൂലം കാറുകൾക്കും വിലക്കുറവ് ഉണ്ടാകും. ടൊയോട്ട കാറുകള്‍ക്ക് 3.5ലക്ഷം രൂപവരെയാണ് വില കുറച്ചിരിക്കുന്നത്. ജനപ്രിയ മോഡലായ ഇന്നോവയ്ക്കും വില കുറയും. ഇന്നോവ ക്രിസ്റ്റയുടെ വിലയില്‍ 1.80 ലക്ഷത്തിന്റെ കുറവാണ് ഉണ്ടാകുക. ഇന്നോവ ഹൈക്രോസിന് 1,15,800 രൂപയാണ് കുറയുക.
ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ കാറാണ് ഗ്ലാന്‍സ. 6,99,900 മുതല്‍ 9,99,000 രൂപ വരെയാണ് ഈ കാറിന്റെ വില വരുന്നത്. ജിഎസ്ടി പരിഷ്‌കരണം നടപ്പിലാകുന്നതോടെ ഗ്ലാന്‍സയ്ക്ക് 85,000 രൂപ വരെയാണ് വില കുറയുക. 7,88,500 രൂപ മുതല്‍ ആരംഭിക്കുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയ്സര്‍ ടൈസറിന് 1,11,100 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്.ഫോര്‍ച്യൂണറിന് 3,49,000 രൂപ, ലെജന്‍ഡറിന് 3.34 ലക്ഷം രൂപ എന്നിങ്ങനെയാണ് കുറഞ്ഞിട്ടുള്ളത്.
ആളുകള്‍ ഏറ്റവും കൂടുതലായി തിരഞ്ഞെടുക്കുന്ന മഹിന്ദ്ര ഥാറിന്റെ വിവിധ മോഡലുകള്‍ക്കും ഒരു ലക്ഷം മുതല്‍ 1.33 ലക്ഷം രൂപ വരെ വില കുറയുന്നുണ്ട്. ജനപ്രിയ കാര്‍ നിര്‍മാതാക്കളായ റ്റാറ്റയും കാറുകളുടെ വില കുറച്ചിട്ടുണ്ട്. ഏറെ വിറ്റുപോകുന്ന ടാറ്റ ടിയാഗോയ്ക്ക് 75,000 രൂപ വരെയാണ് വില കുറയുക. നാടിന്റെ മുക്കിലും മൂലയിലും കാണുന്ന അള്‍ട്രോസിന് 1,10,000 രൂപ കുറയും. നെക്‌സോണ് 1,55,000 രൂപയും, ടാറ്റ സഫാരിക്ക് 1,45,000 രൂപയും കുറയും.
Content Highlights : honda announces price cuts for its two wheelers