
പാലക്കാട്: തൃശൂര്‍ എസിപിക്കെതിരെയും കസ്റ്റഡി മര്‍ദ്ദന പരാതി. സലീഷ് എന്‍ ശങ്കരന്‍ പാലക്കാട് കൊല്ലങ്കോട് സി ഐ ആയിരിക്കുമ്പോള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. കൊല്ലങ്കോട് സ്വദേശി വിജയകുമാറിനാണ് ഏഴ് വര്‍ഷം മുന്‍പ് ക്രൂരമായ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണം നടന്നെങ്കിലും പൊലീസുകാര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല.
സലീഷ് എന്‍ ശങ്കരനും മറ്റ് രണ്ട് പൊലീസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. വിജയകുമാര്‍ പൊലീസിനെ മര്‍ദിച്ചുവെന്ന കേസില്‍ റിമാന്റിലായി. എന്നാല്‍ കേസ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ ചിറ്റൂര്‍ കോടതി വിജയകുമാറിനെ വെറുതെ വിടുകയായിരുന്നു. വിജയകുമാര്‍ തെറ്റുകാരനല്ലെന്നും പൊലീസിന് വീഴ്ച്ച പറ്റിയെന്നും 2018-ല്‍ മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് ക്രൂര മര്‍ദ്ദനത്തിന് ഇരയായിരുന്നു.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽവെച്ച് പൊലീസുകാർ ക്രൂര മർദനത്തിന് ഇരയാക്കിയത്. സ്റ്റേഷനിലെത്തിച്ച തന്നെ പൊലീസ് ലാത്തികൊണ്ട് കാലിന് പതിനഞ്ച് മിനുട്ടോളം അടിച്ചെന്നും കുടിക്കാൻ വെള്ളം ചോദിച്ചിട്ട് തന്നില്ലെന്നും സുജിത്ത് ആരോപിച്ചിരുന്നു. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു പൊലീസിന്റെ ക്രൂരത.
പീച്ചി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെതിരെയും മര്‍ദ്ദന ആരോപണമുയർന്നിരുന്നു. പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ലാലീസ് ഹോട്ടലിന്റെ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ മാനേജര്‍ റോണി ജോണ്‍ എന്നിവരെയായിരുന്നു അന്ന് പീച്ചി എസ്‌ഐ ആയിരുന്ന രതീഷ് മര്‍ദ്ദിച്ചത്. പൊലീസ് മർദ്ദനത്തിന് ഇരയായാണ് തന്റെ പിതാവ് മരിച്ചതെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢനും രംഗത്തെത്തിയിരുന്നു. ലാത്തിച്ചാർജ്ജിൽ പിതാവ് ഇന്ദുചൂഡന് നട്ടെല്ലിന് പരിക്കേറ്റിരുന്നു. കഴുത്തിൽ ക്ഷതം സംഭവിച്ചു. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായതെന്നും വിജയ് ഇന്ദുചൂഡൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അടൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജോയലിന്റെ മരണം പൊലീസ് മര്‍ദ്ദനം കാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന യു ബിജുവിന്റെ മര്‍ദനം മൂലമാണ് മകന്‍ മരിച്ചതെന്ന് ജോയലിന്റെ പിതാവ് അടൂര്‍ നെല്ലിമുകള്‍ സ്വദേശി ജോയ്കുട്ടി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അടൂര്‍ പൊലീസ് സ്റ്റേഷനില്‍വെച്ചാണ് മകന് മര്‍ദനമേറ്റത്. ചികിത്സയിലിരിക്കെ അഞ്ചുമാസത്തിനുളളില്‍ മരണം സംഭവിച്ചു. തന്റെ കണ്‍മുന്നില്‍വെച്ചാണ് മകന് മര്‍ദനമേറ്റതെന്നും തന്നെയും പൊലീസ് മര്‍ദിച്ചെന്നും പിതൃസഹോദരി കുഞ്ഞമ്മയും പറഞ്ഞു.
പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. കസ്റ്റഡി മര്‍ദ്ദനത്തിലെ പരാതികളില്‍ കൃത്യമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് സമൂഹത്തോടൊപ്പമാണെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പൊലീസ് സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിന്റെ സഹായം പൊലീസിന് ആവശ്യമാണെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.
Content Highlights: Custodial torture complaint filed against Thrissur ACP Salish N Sankaran