
ആലപ്പുഴ: തോട്ടപ്പളളിയിലെ വയോധികയുടെ കൊലപാതകത്തില്‍ മൂന്നാം പ്രതി അബൂബക്കറിന് ജാമ്യം. ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അബൂബക്കറിനെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കൊലപാതകം നടത്തിയത് തൃക്കുന്നപ്പുഴ സ്വദേശികളായ ദമ്പതികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അബൂബക്കറിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയേക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. കൊലപാതകത്തില്‍ അബൂബക്കറിന് പങ്കില്ലെങ്കിലും വയോധികയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സൈനുലാബ്ദീനും ഭാര്യ അനീഷയുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍.
പൊലീസിനെതിരെ അബൂബക്കറിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അബൂബക്കർ കൊല്ലപ്പെട്ട വയോധികയുടെ വീട്ടിൽ പോയത് കത്ത് നല്‍കാനാണെന്നും ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കി അബൂബക്കറിനെ കൊലപാതകിയാക്കി എന്നും അബൂബക്കര്‍ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് മകന്‍ റാഷിം പറഞ്ഞത്. റംലയുടേത് മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമല്ലെന്ന സംശയം ഇപ്പോൾ പൊലീസിനുണ്ട്. പൊലീസിനെ വഴിതെറ്റിച്ചത് വയോധികയുടെ സ്വര്‍ണമാണ്. അവരുടെ ആഭരണം വീട്ടില്‍ കണ്ടെത്തിയതോടെയാണ് മോഷണമല്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.
ഓഗസ്റ്റ് 17 നാണ് തനിച്ചു താമസിക്കുകയായിരുന്ന വയോധികയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബൂബക്കർ ഇവരുടെ വീട്ടിൽ പോയിരുന്നെങ്കിലും ഇയാള്‍ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്. ശ്വാസംമുട്ടലുണ്ടെന്ന് വയോധിക പറഞ്ഞപ്പോള്‍ അബൂബക്കര്‍ അവിടെ ഉണ്ടായിരുന്ന ശീതളപാനീയം അവർക്ക് നല്‍കുകയും അവര്‍ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു. അബൂബക്കര്‍ പോയതിനു ശേഷം ദമ്പതിമാരായ മോഷ്ടാക്കള്‍ റംലയുടെ വീട്ടില്‍ കയറുകയും മോഷണശ്രമത്തിനിടെ അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിടിയിലായ സൈനുലാബ്ദീൻ പൊലീസ് കസ്റ്റഡിയിലാണ്. അനീഷ രോഗബാധയെ തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ തന്നെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Content Highlights: Murder of elderly woman in Thottapally: Third accused Aboobacker granted bail