
ചൈനയിലെ വുഹാനിലുള്ള ഒരു ഹോട്ടൽ ആരും പരീക്ഷിക്കാത്ത ഇതുവരെ ഒരിടത്തും ഉണ്ടായിട്ടില്ലാത്ത ഒരു സേവനം നായ പ്രേമികൾക്കായി ഒരുക്കിയിരിക്കുകയാണ്. ദ കൺട്രി ഗാർഡൻ ഫീനീക്‌സ് ഹോട്ടൽ ഇപ്പോൾ നിങ്ങൾ ഒരു റൂം മാത്രമല്ല ഓഫർ ചെയ്യുന്നത്, അതിനൊപ്പം നല്ല പരിശീലനം ലഭിച്ച ഒരു നായയെയും നിങ്ങൾക്ക് കമ്പനിക്കായി അവർ തരും. ഹോട്ടലിലെത്തുന്ന ഗസ്റ്റിന് ഈ സേവനം ലഭിക്കാൻ ചെലവാക്കേണ്ടത് വെറും 4700 രൂപ മാത്രമാണ്. ഗോൾഡൻ റിട്രീവർ, ഹസ്‌കീസ്, അല്ലെങ്കിൽ വെസ്റ്റ് ഹൈലാന്റ് ടെറിയർ എന്നീ ഇനത്തിൽപ്പെട്ട നായയുടെ കൂട്ടാണ് ഹോട്ടലിലെത്തുന്നവർ ഒറ്റയ്ക്കാവാതിരിക്കാൻ ഹോട്ടൽ നൽകുന്ന സേവനം. അതായത് ഈ ഹോട്ടലിലെത്തിയാൽ ഏകാന്തത അനുഭവിക്കേണ്ടി വരില്ലെന്ന് സാരം.
ഇക്കഴിഞ്ഞ ജൂലായിലാണ് ഈ പുത്തൻ പദ്ധതി ഹോട്ടൽ ആരംഭിച്ചത്. ഇപ്പോൾ തന്നെ മുന്നൂറോളം ബുക്കിങുകൾ നടന്നിട്ടുണ്ട്. ഒരു ഹോട്ടൽ സ്റ്റേയ്ക്ക് ഇടയിലും വീടുപോലെ അന്തരീക്ഷം നൽകുന്ന സേവനമാണിതെന്നാണ് പലരും തങ്ങളോട് പറഞ്ഞതെന്ന് ഹോട്ടൽ മാനേജർ മിസ്റ്റർ ഡോങ് പറയുന്നു. ചൈനയുടെ ത്വരിതഗതിയിൽ വളരുന്ന പെറ്റ് എക്കോണമിയിൽ ഈ തുടക്കം വലിയ സ്വാധീനമാണ് ഉണ്ടാക്കിയിരിക്കുന്നത്. അർബർ പ്രദേശങ്ങളിൽ 2024ൽ 300 ബില്യൺ യുവാൻ വരെ എത്തിയ പെറ്റ് എക്കോണമി ഇപ്പോൾ പ്രതിവർഷം 7.5 ശതമാനമായി ഉയരുകയാണ്. 2027 ആകുമ്പോഴേക്കും ഇത് 400 ബില്യൺ യുവാനായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോഗി റൂം സർവീസുകൾ ഇപ്പോൾ കൂടുതൽ ഹോട്ടലുകൾ ഏറ്റെടുത്തിരിക്കുകയാണ്. ചിലരെങ്കിലും ഇത്തരം നായകൾ വികൃതികാരായിരിക്കുമെന്ന് കരുതിയിരുന്നതായി പറയുന്നു. എന്നാൽ പരിശീലനം ലഭിച്ച നായകളായതിനാൽ അവ ശാന്തരും അനുസരശീലമുള്ളവരും സ്‌നേഹമുള്ളവയുമായിരുന്നു എന്ന് മനസിലാക്കാൻ സാധിച്ചുവെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ഈ ഹോട്ടലിൽ പത്തോളം പരിശീലനം ലഭിച്ച നായകളാണ് ഉള്ളത്. അതിൽ ചിലത് ഹോട്ടലിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. ചിലത് പരിശീലകരുടെയും മറ്റ് ചിലത് സ്വകാര്യ വ്യക്തികളുടെയും നായകളാണ്.
സന്ദർശകർക്ക് മാനസിക പിന്തുണ ഉറപ്പാക്കുക നായകൾക്കും അതൊരു പുത്തൻ അനുഭവമാകും. മാത്രമല്ല മൃഗസ്‌നേഹികളായ പലർക്കും വീട്ടിൽ അവയെ വളർത്താൻ കഴിയാത്ത സാഹചര്യമുണ്ടാകും അവർക്കും ഇതൊരു സന്തോഷമുണ്ടാക്കുന്ന കാര്യമാകുമെന്ന വീക്ഷണത്തിൽ നിന്നും കൂടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ചത്. അതേസമയം മറുവശത്ത് പലരും നായകൾ മൂലം സന്ദർശകർക്ക് അപകടമുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ പൂർണമായ ഉത്തരവാദിത്തം ഹോട്ടലിനായിരിക്കുെന്നും അവർ പറയുന്നു.
രസകരമായ മറ്റൊരു കാര്യം നിലവിൽ ചൈനയിൽ കുട്ടികളെകാൾ കൂടുതലുള്ളത് നായകളാണത്രേ. നാലുവയസിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് വളർത്ത് നായകളുടെ എണ്ണമെന്ന് 2024ലെ കണക്കുകൾ സൂചിപ്പിക്കുന്നു. അർബൻ നിവാസികളിൽ എട്ടു പേരിൽ ഒരാൾക്ക് വളർത്തുമൃഗമുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Chinese hotel provides service of trained dogs for visitors to avoid lonliness