
നമ്മുടെ നാട്ടിലെ ചില വെറൈറ്റി ഭക്ഷണശാലകള്‍ കണ്ടിട്ടില്ലേ… അറബിക് ഭക്ഷണങ്ങള്‍ വിളമ്പുന്നിടത്ത് അറബി വേഷം ധരിച്ച ആളുകള്‍, ചൈനീസ് ഭക്ഷണം വിളമ്പുന്നിടത്ത് പരമാവധി ആ നാട്ടിലെ രീതികള്‍. ഭക്ഷണത്തോടൊപ്പം ഒരു 'ആമ്പിയന്‍സ്' തരാന്‍ കൂടി ഈ രീതി സഹായിക്കുന്നതോടൊപ്പം കസ്റ്റമേഴ്‌സിന് ഒരു കൗതുകം കൂടിയാണിത്. എന്നാല്‍ നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളും രീതികളും മറ്റൊരു നാട്ടിലെ ഭക്ഷണശാലയില്‍ അനുകരിക്കുന്നു എന്നതും കൗതുകമല്ലെ. ജപ്പാനിലാണ് ഇത്തരത്തില്‍ ഇന്ത്യന്‍ ഭക്ഷണങ്ങളും ഇന്ത്യന്‍ രീതികളും ഫോളോ ചെയ്യുന്ന ഒരു ഭക്ഷണശാലയുള്ളത്.
ഇന്ത്യന്‍ സ്‌പൈസ് ഫാക്ടറി എന്ന് പേരുള്ള ഈ ഭക്ഷണശാലയില്‍ ഇന്ത്യയുടെ തനത് വിഭവങ്ങളായ ഫിര്‍നി മുതല്‍ മുറുക്ക് വരെ ലഭിക്കും. ഭക്ഷണം വിളമ്പാന്‍ നില്‍ക്കുന്ന ആളുകള്‍ സാരിയൊക്കെയുടുത്ത് റസ്റ്റോറന്റിന്റെ ഇന്ത്യന്‍ പ്രതീതി നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ട്. ജപ്പാന്‍ സ്വദേശികളായ ദമ്പതികളാണ് റസ്റ്ററന്‍റിന് പിന്നില്‍. ആദരവോടെയും സ്‌നേഹത്തോടെയും കടയില്‍ വരുന്നവരെ സ്വീകരിച്ചും, രുചികരമായ ഭക്ഷണം നല്‍കിയുമാണ് ഇവര്‍ ഇന്ത്യക്കാരോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നത്.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണല്ലോ. ഭക്ഷണകാര്യത്തിലും ഈ വൈവിധ്യം കാണാനാകും. എന്നാല്‍, ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ നിന്നും തങ്ങളുടെ മെനുവിലേക്ക് ചേര്‍ക്കാവുന്ന പരമാവധി സാധനങ്ങള്‍ ഇവര്‍ ചേര്‍ത്തിട്ടുണ്ട്. നമ്മള്‍ കഴിക്കുന്ന നാടന്‍ മുറുക്ക് മുതല്‍ ദക്ഷിണേന്ത്യന്‍ സദ്യ വരെ ജപ്പാനിലെ ഈ ഭക്ഷണശാലയില്‍ നമുക്ക് കാണാനാവും. സദ്യ എന്ന് പറയുമ്പോള്‍ നല്ല നാക്കിലയൊക്കെ വിരിച്ച് വിഭവ സമൃദ്ധമായി തന്നെയാണ് ജപ്പാനിലും കൊടുക്കുന്നത്.
ഇനി ഭക്ഷണത്തിനും വസ്ത്രധാരണത്തിനും പുറമെ ഇന്ത്യന്‍ സംസ്‌കാരം അനുഭവപ്പെടുത്തുന്നതിനായി നമ്മുടെ തനതായ വാദ്യോപകരണങ്ങള്‍ കൊണ്ടുള്ള ഇന്റീരിയര്‍ പോലും സെറ്റ് ചെയ്തിട്ടുണ്ട്. ജപ്പാനിലെ ഈ ഇന്ത്യന്‍ വൈവിധ്യത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രമില്‍ വന്ന ഒരു പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഈ പോസ്റ്റിന്റെ തന്നെ കമന്റ് ബോക്‌സില്‍ റസ്‌റ്റോറന്റിന്റെ ഉടമകള്‍ തങ്ങളുടെ ഇന്ത്യന്‍ സ്‌നേഹത്തിന് പിന്നിലെ കഥയും വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ ഇന്ത്യയിലെത്തി ബംഗാള്‍, കൊല്‍ക്കത്ത നഗരങ്ങളിലൂടെ നടക്കുമ്പോള്‍ അവിടുത്തെ രുചി മനസില്‍ ഇടംപിടിച്ചു എന്നാണ് ദമ്പതികള്‍ പറയുന്നത്. അങ്ങനെയാണത്രേ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റ് ജപ്പാനില്‍ തുടങ്ങിയത്.
സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുതളാണ് ഇവരുടെ ഇന്ത്യന്‍ സ്‌നേഹത്തെയും അതിനായി എടുത്ത അധ്വാനത്തെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ എങ്ങനെ മനസുകൊണ്ട് അടുത്തിരിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണമാണിത് എന്ന് ഒരാള്‍ കമന്റ് ചെയ്തു. താന്‍ ഒരിക്കല്‍ ഈ ഭക്ഷണശാലയില്‍ പോയിട്ടുണ്ടെന്നും രാജ്യങ്ങള്‍ തമ്മിലുള്ള അന്തരം ഭക്ഷണത്തിലൂടെ എങ്ങനെ മറികടക്കാമെന്ന് മനസിലാക്കുന്നുവെന്നും മറ്റൊരാള്‍ കമന്റ് ബോക്‌സില്‍ കുറിച്ചു.
Content Highlight; Viral Japan restaurant serves Indian dishes; owner in saree