സ്വന്തമായി നിരവധി ആഢംബര വാഹനങ്ങൾ; പക്ഷെ മുതലാളിക്ക് പ്രിയം 30 വർഷം പഴക്കമുള്ള ഇവനോട്

സ്വന്തമായി നിരവധി വാഹനങ്ങളുള്ള ഒരു മനുഷ്യന്‍ യാത്ര ചെയ്യാന്‍ 30 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ ഉപയോഗിക്കുന്നു എന്നത് വിചിത്രമല്ലെ..

dot image

എപ്പോഴെങ്കിലും കുറച്ച് പണം കയ്യില്‍ വന്നാല്‍ ചെയ്യേണ്ട കാര്യങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ് നമുക്ക് എല്ലാവര്‍ക്കുമുണ്ടാകും. അതില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വണ്ടി ഒന്ന് മാറ്റി വേറെ ഒരെണ്ണം എടുക്കണമെന്നോ, അല്ലെങ്കില്‍ വണ്ടിയില്ലാത്ത ജീവിതം ബുദ്ധിമുട്ടായതിനാല്‍ പുതിയ വണ്ടി വാങ്ങണമെന്നോ സ്വപ്‌നം കാണാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ വീടിന് മുന്നില്‍ ആഡംബര കാറുകളും, ഇരുചക്ര വാഹനങ്ങളും തുടങ്ങി നിരവധി വാഹനങ്ങളുള്ള ഒരു മനുഷ്യന്‍ യാത്ര ചെയ്യാന്‍ 30 വര്‍ഷം പഴക്കമുള്ള സൈക്കിള്‍ ഉപയോഗിക്കുന്നു എന്നത് വിചിത്രമല്ലെ..

അതെ ഗുജറാത്തിലെ സൂറത്തില്‍ ബിസിനസ് നടത്തുന്ന സുരേഷ് ജരിവാല എന്ന 70 വയസുകാരനാണ് ദിവസവും 30-40 കിലോമീറ്റര്‍ തന്റെ പഴയ സൈക്കിള്‍ ചവിട്ടുന്നത്. 1972ല്‍ തുടങ്ങിയതാണ് തന്റെ സൈക്കിള്‍ യാത്ര എന്നാണ് സുരേഷ് പറയുന്നത്. 'ഇത് വ്യായാമത്തിനോ, പ്രകടനത്തിനോ വേണ്ടിയല്ല. ഇതെന്റെ ആത്മാവിന് വേണ്ടിയാണ്' സുരേഷ് വ്യക്തമാക്കി.

സൂറത്തിലെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹം സൈക്കിളിലായിരുന്നു ജോലിക്ക് പോയി വന്നിരുന്നത്. 1982ല്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറി സൂറത്തില്‍ നിന്നും അങ്കലേശ്വറിലേക്ക് മാറ്റിയിരുന്നു, എന്നാല്‍ തന്റെ യാത്രാ മാര്‍ഗം മാറ്റാന്‍ സുരേഷ് തയ്യാറായില്ല. സുറത്തിലെ സലാബത്പുരിയിലെ വീട്ടില്‍ നിന്ന് സൂറത്ത് റെയില്‍ വേ സ്‌റ്റേഷനിലേക്ക് മൂന്ന് കിലോമീറ്റർ ഒരു സൈക്കിളില്‍ പോകും. പിന്നെ സൈക്കിള്‍ അവിടെ വച്ച് ട്രെയിനില്‍ യാത്ര തുടരും. ട്രെയിനില്‍ നിന്നിറങ്ങി ഫാക്ടറിയിലേക്കുള്ള നാല് കിലോമീറ്റര്‍ വീണ്ടും മറ്റൊരു സൈക്കിളില്‍.

1990ലാണ് അന്ന് 2,000 രൂപ വിലയുണ്ടായിരുന്ന അറ്റ്‌ലസ് സൈക്കിള്‍ സുരേഷ് സ്വന്തമാക്കുന്നത്. അതാണ് ഇന്നും അദ്ദേഹത്തിന്റെ വാഹനം. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും, അദ്ദേഹത്തിന്റെ സന്ദത സഹചാരിയായി ആ സൈക്കിള്‍ കൂടെയുണ്ട്.

22 പേരടങ്ങുന്ന സുരേഷിന്റെ കുടുംബത്തിലേക്ക് പുതിയ അംഗമായാണ് സൈക്കിള്‍ കടന്ന് വന്നത്. അവന്‍ ഇന്നും അവരോടൊപ്പം ഉണ്ടായിരിക്കുന്നതില്‍ ഏവരും സന്തുഷ്ടരാണെന്നാണ് കുടുംബാം​ഗങ്ങളുടെ പ്രതികരണം.

സുരേഷ് ഒരു ഫിറ്റ്‌നസ് ആരാധകന്‍ കൂടിയാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. 10,000 ചുവടുകള്‍ നടക്കുകയും, ഓട്ടമത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് കൂടാതെ, വര്‍ഷത്തിലൊരിക്കല്‍ മഹാരാഷ്ട്രയിലെ ഷിര്‍ദ്ദിയിലേക്ക് (300 കിലോമീറ്റര്‍) സൈക്കിള്‍ യാത്രയും നടത്താറുണ്ട്.

Content Highlight; 70-Year-Old Surat Tycoon Trades Cars for 40km Daily Ride on 30-Year-Old Bicycle

dot image
To advertise here,contact us
dot image