
വീടിന് അലങ്കാരമാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍. പരിപാലിക്കാന്‍ എളുപ്പമുള്ളതും പെട്ടെന്ന് തഴച്ചുവളരുന്നതുമായ മണി പ്ലാന്റുകളാണ് പലരും ഇന്‍ഡോര്‍ മനോഹരമാക്കുന്നതിനായി ഉപയോഗിക്കാറുള്ളത്. ചേമ്പുവര്ഗത്തിലുള്ള ഇലച്ചെടിയാണ് ഇത്. പോത്തോസ് എന്നറിയപ്പെടുന്ന ഈ ചെടികള്‍ക്ക് മലിനവായു ശുദ്ധീകരിക്കാന്‍ സാധിക്കും.
പച്ചയും മഞ്ഞയും നിറത്തിലുള്ള ഇലകളുള്ളവ, ഇളംമഞ്ഞ നിറത്തില്‍ ഇലകള്‍ ഉള്ളവ, പച്ചയും വെള്ളയും നിറത്തിലുള്ള ഇലകളുള്ളവ തുടങ്ങി വിവിധ ഇനങ്ങള്‍ ഉണ്ട്. ചെടിയുടെ തണ്ട് ഉപയോഗിച്ച് വേഗത്തില്‍ എത്ര വേണമെങ്കിലും ഇവ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. തണ്ടുമുറിച്ച് വെള്ളത്തില്‍ ഇറക്കിവച്ചാല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ വേര് വരും. ഇത് പിന്നീട് മാറ്റിനടാം. മഞ്ഞ നിറമുള്ളവയും വെള്ള നിറമുള്ളവയും പ്രകാശമുള്ളയിടത്തുവേണം നടാന്‍. കടുംപച്ച നിറത്തിലുള്ളത് വീടിനുള്ളിലെ പ്രകാശം കുറഞ്ഞയിടത്ത് നടാം. ശുദ്ധജലത്തിലും ഈ ചെടി വളര്‍ത്താനാകും. കൊതുകുശല്യം ഒഴിവാക്കുന്നതിന് വേണ്ടി വേപ്പെണ്ണ വെള്ളത്തില്‍ ഒഴിക്കാം.
ഫോര്‍മാല്‍ഡിഹൈഡ്, ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്സൈഡ്, എന്നിവയെ ഈ ചെടി ഇല്ലാതാക്കും. വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും. മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ വീടനകത്തുള്ള പച്ചപ്പ് സഹായിക്കും. പച്ചപ്പ് മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ മണിപ്ലാന്റിനെ ആശ്രയിക്കാവുന്നതാണ്. മനോഹരമായ നിലയില്‍ ഇവ ഇന്റീരിയറിന് അനുസരിച്ച് പടര്‍ത്തുകയാണെങ്കില്‍ മികച്ച അലങ്കാരച്ചെടിയാണ്.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഈ ചെടി ഒരു ലക്കി പ്ലാന്റാണ്. ചെടിയുടെ പേരിലുള്ള മണി സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നതായാണ് വിശ്വാസം. മണിപ്ലാന്റുകളെ ശുഭസൂചകമായാണ് വാസ്തുപ്രകാരം കണക്കാക്കുന്നത്. ഇത് വീട്ടില്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുതരുമെന്നാണ് വിശ്വാസം. വിശ്വാസികള്‍ ആണെങ്കില്‍ ഈ ചെടി വടക്കുകിഴക്ക് ദിശയില്‍ നടരുതെന്നും വാസ്തുശാസ്ത്രം പറയുന്നു. കുടുംബാംഗങ്ങളുടെ വരുമാനത്തെ അത് ബാധിക്കുമെന്നാണ് വിശ്വാസം. അതുപോലെ വാടിപ്പോയ മണിപ്ലാന്റ് നിര്‍ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു.
Content Highlights: The Money Plant: A Simple Way to Improve Your Home and Life