

ഏഷ്യയിൽ നിന്നും അനവധി കുടിയേറ്റക്കാർ പാർക്കുന്ന രാജ്യമാണ് കാനഡ. പലരും പഠനവും സ്ഥിരതാമസവും ലക്ഷ്യമിട്ടുകൊണ്ടാണ് കാനഡയിൽ പോകുന്നത്. ഇത്തരക്കാർ പല ജോലികളാണ് കാനഡയിൽ ചെയ്തുവരുന്നത്. പഞ്ചാബിൽ നിന്നും, പാകിസ്താനിൽ നിന്നും കുടിയേറ്റം കാനഡയിൽ അധികമാണ്. അവരെല്ലാവരും സുഖമായി, ഒരുമിച്ച് കാനഡയിൽ ജീവിച്ചുപോരുന്നുമുണ്ട്.
ഇപ്പോൾ ഒരു ഇന്ത്യൻ യുവാവിന്റെ ജീവിതം ഒരു പാക് വ്ലോഗർ കാരണം മാറിമറിഞ്ഞതിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
പാക്കിസ്താൻ പൗരനായ ഹംസ അസീസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. നവനീത് എന്ന ഇന്ത്യൻ പൗരനായ യുവാവിന്റെ കഷ്ടപ്പാടും മറ്റും വിവരിച്ചുള്ള ഒരു വീഡിയോ ആണിത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ ഒരു സന്തോഷവാർത്തയും നവ്നീതിനെ തേടിയെത്തി.
കാനഡയിൽ ഒരു യൂബർ ഈറ്റ്സ് ഡെലിവറി ബോയ് ആണ് നവ്‌നീത്. ഹംസയുടെ ഓർഡർ നൽകാനെത്തിയ നവ്‌നീത് ഭക്ഷണം മാറിപ്പോയതായി മനസിലാക്കുകയും തിരികെ റെസ്റ്റോറന്റിൽ അവ ശേഖരിക്കാനായി പോകുകയുമാണ്. വളരെ കുറച്ച് പേർ ചെയ്യുന്ന പ്രവൃത്തിയാണ് ഭക്ഷണം വീണ്ടും എടുത്തുകൊണ്ടുവരിക എന്നുള്ളത്. നവ്‌നീത് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ പോയിവരാമെന്ന് പറഞ്ഞപ്പോൾ ഹംസ അദ്ദേഹത്തോട് കൂടുതല്‍ സംസാരിച്ചു. അയാളുടെ ആഗ്രഹങ്ങളെക്കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. ഇതിന്റെ വീഡിയോ പകർത്തുകയും ചെയ്തു.
തനിക്ക് സ്വന്തമായി ഒരു ബാർബർ ഷോപ്പ് തുടങ്ങണമെന്നും അതിനായി കഷ്ടപ്പെടുകയാണ് എന്നുമാണ് നവ്‌നീത് ഹംസയോട് പറഞ്ഞത്. സംസാരത്തിനൊടുവില്‍ 100 കനേഡിയൻ ഡോളർ, അതായത് 6000 ഇന്ത്യൻ രൂപയാണ് ഹംസ ടിപ്പ് ആയി നൽകിയത്.
വീഡിയോ വലിയ രീതിയിൽ വൈറലായതോടെ നിരവധി പേരാണ് നവ്‌നീതിന് ആശംസയുമായി എത്തിയത്. അതിനിടെ ഒരു സംരംഭകൻ നവ്‌നീതിന് ബാർബർ സ്കൂൾ എജുക്കേഷൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇവയ്‌ക്കെല്ലാത്തിനും പുറമെ 'ഗോ ഫണ്ട് മീ' എന്ന ഒരു ക്യാമ്പയിൻ ലോഞ്ച് ചെയ്യുകയും, മുടിവെട്ടാനുള്ള ഉപകരണങ്ങളും മറ്റും നവ്‌നീതിന് വാങ്ങിനൽകാനും സാധിച്ചു.
നവ്‌നീതിന്റെ ജീവിതം വലിയ പ്രചോദനമാണ് എന്നാണ് ഹംസ പറയുന്നത്. വലിയ ജീവിതം സ്വപ്നം കണ്ട്, ദൂരങ്ങൾ താണ്ടി വന്നവനാണ് നവ്‌നീത് എന്നും, ആഗ്രഹങ്ങൾക്ക് പിന്നാലെ ആത്മാർത്ഥതയോടെ സഞ്ചരിച്ചാൽ, ഒരു നാൾ നമുക്കവ നേടാൻ സാധിക്കുമെന്ന് നവ്‌നീതിന്റെ ജീവിത കാണിച്ചുതരുന്നുവെന്നും നിരവധി പേർ പറയുന്നു.
Content Highlights: Pak boys vlog to indian youth viral and gets help