'ഭൈരവ തിരിച്ചെത്തുന്നു'; പ്രഭാസിന് ജന്മദിനാശംസകളുമായി 'കല്‍ക്കി 2898 എഡി' ടീം

കല്‍ക്കി മേക്കിങ് വീഡിയോ പുറത്ത്

'ഭൈരവ തിരിച്ചെത്തുന്നു'; പ്രഭാസിന് ജന്മദിനാശംസകളുമായി 'കല്‍ക്കി 2898 എഡി' ടീം
dot image

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് 'കല്‍ക്കി 2898 എഡി'യുടെ അണിയറപ്രവര്‍ത്തകര്‍. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ മേക്കിങ് വീഡിയോ പുറത്തിറക്കി. 'ഭൈരവ തിരിച്ചെത്തുന്നു' എന്ന സന്ദേശത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് വൈജയന്തി മൂവീസ് നിര്‍മ്മിച്ച സയന്‍സ് ഫിക്ഷന്‍ ചിത്രം 'കല്‍ക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് താരത്തിന് ആശംസകളുമായി അണിയറപ്രവര്‍ത്തകര്‍ എത്തിയത്.

'കല്‍ക്കി 2898 എഡി'യില്‍ ഭൈരവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തിയത്. പുരാണങ്ങളും സയന്‍സ് ഫിക്ഷനും സമന്വയിപ്പിച്ച ചിത്രം, തകര്‍ച്ചയുടെ വക്കിലുള്ള ഭാവിലോകത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വമ്പന്‍ സിനിമാറ്റിക് അനുഭവമായിരുന്നു. ഭൈരവയുടെ യാത്രയ്‌ക്കൊപ്പം അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച അശ്വത്ഥാമ, കമല്‍ ഹാസന്‍ അവതരിപ്പിച്ച സുപ്രീം യാസ്‌കിന്‍ തുടങ്ങിയ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥയില്‍ നിര്‍ണായകമായി. പുരാതന ഇന്ത്യന്‍ ഇതിഹാസങ്ങളിലെ ആശയങ്ങളെ ഭാവികാല സാങ്കല്‍പ്പിക ലോകവുമായി കൂട്ടിയിണക്കിയ ചിത്രത്തിന്റെ ദൃശ്യവിസ്മയവും പ്രമേയവുമാണ് പ്രേക്ഷകശ്രദ്ധ നേടിയത്.

2024ല്‍ തിയേറ്ററുകളിലെത്തിയ 'കല്‍ക്കി 2898 എഡി' ആഗോള ബോക്‌സ് ഓഫീസില്‍ 1200 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയ വമ്പന്‍ വിജയമായിരുന്നു. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ഇന്ത്യന്‍ സിനിമയില്‍ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തിന് പുതിയ മുഖം സമ്മാനിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍ തുടങ്ങിയ താരങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടാം ഭാഗം കൂടുതല്‍ വിപുലമായ കഥാലോകവുമായി ആണ് ഒരുങ്ങുന്നത്. ഈ വര്‍ഷം ആരംഭിച്ച രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാവും എന്നാണ് സൂചന. രണ്ടാം ഭാഗത്തിന്റെ കഥാവിവരങ്ങളും റിലീസ് തീയതിയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഭൈരവയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന പുതിയ മേക്കിങ് വീഡിയോയോടെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ ആകാംക്ഷ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. പിആര്‍ഒ : ശബരി.

Content Highlights: The 'Kalki 2898 AD' team wishes Prabhas a happy birthday. A 'making-of' video for 'Kalki' has been released.

dot image
To advertise here,contact us
dot image