കേരളത്തിൻ്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു

കേരളത്തിൻ്റെ 29-ാം ഗവര്‍ണറായി ഓം പ്രകാശ് മാഥുര്‍; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
dot image

തിരുവനന്തുപുരം: കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ് ഓം പ്രകാശ് മാഥുര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട് ഗവര്‍ണറായി ചുമതലയേറ്റ സാഹചര്യത്തിലാണ് കേരളത്തിലെ 29-ാമത്തെ ഗവര്‍ണറായി മാഥുർ നിയമിതനായത്. മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ഗവര്‍ണറുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം എത്തിയില്ല.

സിക്കിം ഗവര്‍ണറായിരുന്നു മാഥുര്‍. കേരള ഗവർണറായി ചുമതലയിലിരുന്ന രാജേന്ദ്ര അർലേക്കറിന് തമിഴ്നാട് ഗവർണറുടെ സ്ഥിരം ചുമതല നൽകിയ സാഹചര്യത്തിലാണ് കേരളത്തിലേക്ക് പുതിയ ഗവർണറിനെ നിയമിക്കുന്നത്. ഓം പ്രകാശ് മാഥുറിന് പകരം ദുഷ്യന്ത് ഗൗതമിനെ സിക്കിം ഗവർണറായി നിയമിച്ചിട്ടുണ്ട്.

ആർഎസ്എസ് പ്രചാരകനായി പൊതുജീവിതം ആരംഭിച്ച ഓം പ്രകാശ് മാഥുർ രാജസ്ഥാനിൽ നിന്നുള്ള പ്രമുഖനായ ബിജെപി നേതാവാണ്. 2008ൽ രാജസ്ഥാനിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി. പീന്നീട് ദേശീയ നേതൃത്വത്തിൻ്റെ ഭാ​ഗമായ മാഥുർ ​ഗുജറാത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. 1989 മുതൽ 2024 വരെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അം​ഗമായിരുന്നു. ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. 2008ലും 2016ലും രാജസ്ഥാനിൽ നിന്നും രാജ്യസഭയിലെത്തി. രാജസ്ഥാനിലെ ബാലി സ്വദേശിയാണ് ഓം പ്രകാശ് മാഥുർ. 2024ലാണ് സിക്കിം ഗവർണറായി ഓം പ്രകാശ് മാഥുറിനെ നിയമിച്ചത്.

Content Highlights: Om Prakash Mathur took the oath of office as the Governor of Kerala and officially assumed his responsibilities.

dot image
To advertise here,contact us
dot image