തുടർച്ചയായ അസിഡിറ്റിയും ദഹനക്കേടും നിസാരമാക്കരുത്;വയറ്റിലെക്യാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയാം

ഇടയ്ക്കിടെയുള്ള നെഞ്ചെരിച്ചിലും വയറുവീർക്കലും സാധാരണ ദഹനപ്രശ്‌നങ്ങളാകാം. എന്നാൽ ചികിത്സിച്ചിട്ടും മാറാത്ത അസ്വസ്ഥതകൾ, വിശപ്പില്ലായ്മ, കാരണമില്ലാത്ത ശരീരഭാരം കുറയൽ എന്നിവ അവഗണിക്കരുത്.ഓങ്കോളജിസ്റ്റിന്റെ മുന്നറിയിപ്പ്.

തുടർച്ചയായ അസിഡിറ്റിയും ദഹനക്കേടും നിസാരമാക്കരുത്;വയറ്റിലെക്യാൻസറിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങൾ അറിയാം
dot image

എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അസിഡിറ്റി, രാത്രി ഭക്ഷണം കഴിച്ചാല്‍ വയറുവീര്‍ക്കല്‍… ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും ഗുരുതരമല്ലാത്ത കാരണങ്ങളാണ് ഇതിന് പിന്നില്‍. എന്നാല്‍ അസിഡിറ്റിയും ദഹനക്കേടും പതിവായി ഉണ്ടാവുകയോ ചികിത്സിച്ചിട്ടും മാറാതിരിക്കുകയോ ചെയ്താല്‍ അതിന്റെ കാരണം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.വയറ്റിലെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളുടെ ചില ലക്ഷണങ്ങള്‍ സാധാരണ ദഹനപ്രശ്‌നങ്ങളോട് സാമ്യമുള്ളതാകാമെന്ന് ഓങ്കോളജിസ്റ്റ് ഡോ. വഷിഷ്ഠ് മണിയാര്‍ ചൂണ്ടിക്കാട്ടുന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കുന്നത്.

Warning signs of stomach cancer

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

താഴെ പറയുന്ന ലക്ഷണങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.

  • തുടര്‍ച്ചയായ അസിഡിറ്റിയും ദഹനക്കേടും ഉണ്ടാവുക. പതിവായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക, ചികിത്സിച്ചിട്ടും ദഹനപ്രശ്‌നങ്ങള്‍ മാറാതിരിക്കുക.
  • ഭക്ഷണം കഴിക്കാനുള്ള താല്‍പര്യം കുറയുക.
  • കാരണവുമില്ലാതെ ശരീരഭാരം കുറയുക. ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ ഒരു വ്യത്യാസവും വരുത്തിയില്ലെങ്കിലും ശരീര ഭാരം കുറയുക.
  • കുറച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ വയറുനിറഞ്ഞതായി തോന്നുക. ചെറിയ അളവില്‍ ഭക്ഷണം കഴിച്ചാലും വയര്‍ നിറഞ്ഞതായി അനുഭവപ്പെടുക.
  • ഭക്ഷണമോ വെള്ളമോ വിഴുങ്ങുമ്പോള്‍ പ്രയാസം അനുഭവപ്പെടുക.
  • ഇടയ്ക്കിടെ ഛര്‍ദിക്കുകയോ ദഹനപ്രശ്‌നങ്ങള്‍ക്കൊപ്പം ഛര്‍ദി ഉണ്ടാകുകയോ ചെയ്യുക.
  • വിളര്‍ച്ചയുടെ ലക്ഷണങ്ങളോ കറുത്ത നിറത്തിലുള്ള മലമോ ഉണ്ടാകുക.

ഈ ലക്ഷണങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം വയറ്റിലെ ക്യാന്‍സറാണെന്ന് കരുതേണ്ടതില്ല. മറ്റ് പല രോഗങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. എന്നാല്‍ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുമ്പോള്‍ പരിശോധനയിലൂടെ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്.

എപ്പോഴാണ് എന്‍ഡോസ്‌കോപ്പി വേണ്ടിവരുന്നത്?

രോഗിക്ക് ഉണ്ടായിട്ടുള്ള ലക്ഷണങ്ങള്‍, പ്രായം, കുടുംബത്തിലെ രോഗചരിത്രം, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ പരിഗണിച്ച ശേഷമാണ് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണോ എന്ന് ഡോക്ടര്‍ തീരുമാനിക്കുന്നത്. ആവശ്യമെങ്കില്‍ അപ്പര്‍ ജിഐ എന്‍ഡോസ്‌കോപ്പി നിര്‍ദേശിക്കാം. വായിലൂടെ നേര്‍ത്ത ക്യാമറയുള്ള ട്യൂബ് കടത്തിവിട്ട് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഉള്‍ഭാഗം പരിശോധിക്കുന്ന രീതിയാണിത്. സംശയകരമായ ഭാഗങ്ങള്‍ കണ്ടെത്തിയാല്‍ ബയോപ്‌സിക്കായി ചെറിയ ടിഷ്യു സാമ്പിളും ശേഖരിക്കാം. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.എന്നാല്‍ അസിഡിറ്റി അനുഭവപ്പെടുന്ന എല്ലാവര്‍ക്കും എന്‍ഡോസ്‌കോപ്പി ആവശ്യമില്ല. രോഗിയുടെ അവസ്ഥ വിലയിരുത്തിയ ശേഷമാണ് പരിശോധന തീരുമാനിക്കുന്നത്.

Warning signs of stomach cancer

അസിഡിറ്റിയുണ്ടെങ്കില്‍ പേടിക്കണോ?

ഇടയ്ക്ക് അസിഡിറ്റിയോ ദഹനക്കേടോ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇത്തരം ലക്ഷണങ്ങള്‍ മാത്രം കണ്ടിട്ട് ക്യാന്‍സറാണെന്ന് കരുതേണ്ടതില്ല. അതേസമയം, ആവര്‍ത്തിച്ചുള്ള അസ്വസ്ഥതകള്‍ക്ക് കാരണം കണ്ടെത്താതെ ഓരോ തവണയും സ്വയം മരുന്ന് കഴിച്ച് പ്രശ്‌നം മറികടക്കുന്നതും ശരിയായ രീതിയല്ല. ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുകയോ വഷളാകുകയോ മറ്റ് മുന്നറിയിപ്പ് ലക്ഷണങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഡോക്ടറെ സമീപിക്കുക. രക്തം ഛര്‍ദിക്കുകയോ കറുത്ത ടാര്‍ പോലുള്ള മലം ഉണ്ടാകുകയോ ചെയ്താല്‍ അടിയന്തര വൈദ്യസഹായം തേടണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. മെഡിക്കല്‍ ഉപദേശത്തിന് പകരമാവില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Do not ignore persistent heartburn, abdominal bloating, discomfort that does not resolve despite treatment, loss of appetite, or unexplained weight loss—warns an oncologist.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image