

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന വേദന, മറ്റ് ബുദ്ധിമുട്ടുകള്‍, ചര്‍മ്മത്തിലെ മാറ്റങ്ങള്‍, ഉറക്കം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ മുതല്‍ കൂടുതല്‍ ഗൗരവകരമായ ചില ലക്ഷണങ്ങളും ശരീരം അസുഖങ്ങളുടെ ഭാഗമായി നമുക്ക് കാണിച്ചുതരുന്നുണ്ട്. ഇവയൊക്കെ ഒരുപക്ഷേ നമ്മുടെ ആരോഗ്യം അപകടത്തിലാണ് എന്ന് സൂചന നല്‍കുന്ന കാര്യങ്ങളാവാം. ഒരിക്കലും അവഗണിക്കരുതാത്ത ശരീരത്തിലെ ചില മാറ്റങ്ങളെക്കുറിച്ചും അവ ഏതൊക്കെ രോഗങ്ങളുടെ ലക്ഷണങ്ങളാണെന്നും അവയെ എങ്ങനെ തടയാം എന്നും അറിയാം. ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ജീവിതശൈലി രോഗങ്ങള്‍ എങ്ങനെ നിശബ്ദമായി വര്‍ധിച്ചുവരുന്നു എന്ന് എടുത്തുകാണിക്കുന്നതാണ്.

തലച്ചോറ് പെട്ടെന്ന് പരാജയപ്പെടുന്നത് അപൂര്‍വ്വമാണ്. സൂക്ഷ്മമായ രീതികളിലൂടെ ഇത് മനസിലാക്കാന്‍ സാധിക്കും. വന്നും പോയുമിരിക്കുന്ന തലവേദന, വ്യക്തതയില്ലായ്മ, ചെറിയ ജോലിയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ പലപ്പോഴും സമ്മര്‍ദ്ദംകൊണ്ടോ അമിതമായ ഫോണ്‍ ഉപയോഗംകൊണ്ടോ ആണെന്ന് കരുതി പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവ പലപ്പോഴും ആഴത്തിലുളള മറ്റ് പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയേക്കാം.

തലവേദനയും കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതും, നിര്‍ജ്ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ശരീരത്തിലെ വിഷവസ്തുക്കളുടെ സാന്നിധ്യം എന്നിവയുടെ ലക്ഷണമായേക്കാം. മാത്രമല്ല ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലെയുള്ള പ്രശ്‌നങ്ങള്‍ തലച്ചോറിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നു എന്നതിന്റെ സൂചനയാകാം. ചെറിയ തലകറക്കം, അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള അസ്ഥിരതകള്‍ പോലും നാഡികളുടെ കംപ്രഷന്‍ അല്ലെങ്കില്‍ രക്തചംക്രമണം മോശമാകുന്നതിന്റെ സൂചനയാകാം.
മൂത്രത്തിലെ നിറവ്യത്യാസം, കാലുകളിലെ നീര്‍വീക്കം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള നീര്‍വീക്കം ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം വൃക്ക സമ്മര്‍ദ്ദമുണ്ടെന്നതിന്റെ സൂചനയാണെന്ന് മനസിലാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതുപോലെ ദഹനസംബന്ധമായ പ്രശ്‌നങ്ങളും നിസ്സാരമായി തളളിക്കളയേണ്ട കാര്യമല്ല. വയറ് വീര്‍ക്കല്‍, വിശപ്പില്ലായ്മ, ഭക്ഷണം കഴിച്ച ശേഷമുള്ള പതിവായുള്ള അസ്വസ്ഥത എന്നിവയെല്ലാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളല്ല. ഇവയെല്ലാം നിങ്ങളുടെ കരളിനോ പാന്‍ക്രിയാസിനോ സമ്മര്‍ദ്ദമുണ്ട് എന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ്.

ചര്‍മ്മത്തിലെ മങ്ങിയ ടോണ്‍, സ്ഥിരമായുളള ചൊറിച്ചില്‍, തിളക്കമില്ലായ്മ, ചെറിയ മഞ്ഞനിറം എന്നിവയെല്ലാം ശരീരത്തിനുള്ളില്‍ എന്തൊക്കയോ ശരിയല്ല എന്നതിന്റെ സൂചനകളാണ്. നഖം പൊട്ടുക, മുടി കനം കുറയുക, ക്ഷീണം ഇവയെല്ലാം പോഷകഘടകങ്ങളുടെ കുറവിനെയോ ആന്തരിക അസന്തുലിതാവസ്ഥയേയോ സൂചിപ്പിച്ചേക്കാം.
കാലുകളിലെ മരവിപ്പ്, നടുവിനുണ്ടാകുന്ന സമ്മര്‍ദ്ദം, തലകറക്കം, താല്‍കാലികമായ അസ്ഥിരതകള്‍ ഇവയെല്ലാം പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം നാഡീ കംപ്രഷന്‍െയോ രക്തചംക്രമണ വൈകല്യത്തിന്റെയോ ആരംഭത്തെ സൂചിപ്പിക്കാം. ഈ ലക്ഷണങ്ങളെല്ലാംതന്നെ വന്നും പോയുമിരിക്കും. എന്നാല്‍ ഇവ നേരത്തെ കണ്ടെത്തുന്നത് ദീര്‍ഘകാല അപകടങ്ങള്‍ തടയാന്‍ സഹായിക്കും.

നമ്മുടെ ദൈനംദിന ശീലങ്ങളാണ് ആരോഗ്യത്തെ ഒരു പരിധിവരെ സ്വാധീനിക്കുന്നത്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :The body shows us symptoms of illness, ranging from pain in any part of the body, other discomforts, skin changes, sleep, and appetite, to more serious symptoms.