

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ തളളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാലാം തിയതി ഫലം വരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരു സിസ്റ്റവും നേതാക്കളുമുണ്ടെന്നും എല്ലാവരും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. വിഷയം പൊതുജനമധ്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധിയെഴുതിയിട്ടുണ്ടെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. പരസ്യ വിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വനിതാ സംവരണ ബില്‍ സര്‍ക്കാരിന് ഇഷ്ടംപോലെ തീരുമാനമെടുക്കാന്‍ സ്വാതന്ത്രം നല്‍കുന്ന ബില്ലായി മാറും. തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങള്‍ വെട്ടിമാറ്റുന്ന രീതി നാം കണ്ടതാണ് എന്നും കെ സി വേണുഗോപാൽ പറഞ്ഞു. 'വനിതാ സംവരണ ബില്‍ പാസായി കഴിഞ്ഞാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്താന്‍ സര്‍ക്കാരിന് കേവലഭൂരിപക്ഷം മാത്രം മതി. പാര്‍ലമെന്റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാരിന് ഇഷ്ടംപോലെ സ്വാതന്ത്ര്യം നല്‍കുന്ന ബില്ലായി അത് മാറും. അസമിലും ജമ്മു കശ്മീരിലും മണ്ഡല പുനര്‍നിര്‍ണയം എങ്ങനെ നടത്തിയതാണെന്ന് നമ്മള്‍ കണ്ടതാണ്. ഏകപക്ഷീയമായി, തങ്ങള്‍ക്ക് ജയിക്കാന്‍ വേണ്ടി മാത്രം മണ്ഡലങ്ങളെ വെട്ടിമാറ്റുന്ന രീതി നാം കണ്ടതാണ്. അത് രാജ്യവ്യാപകമായി സംഭവിച്ച് 2029-ല്‍ അവരുടെ പരാജയം തടയാനാണ് ശ്രമിക്കുന്നത്'- കെ സി വേണുഗോപാല്‍ പറഞ്ഞു.
2023-ല്‍ വനിതാ സംവരണ ബില്‍ പാസാക്കിയതാണെന്നും 543 അംഗ പാര്‍ലമെന്റില്‍ വനിതാ സംവരണം നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കാന്‍ തങ്ങളെല്ലാവരും തയ്യാറാണെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. 'വനിതാസംവരണത്തിന്റെ മറപിടിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്ത് ഇന്ത്യയുടെ ഭരണം എല്ലാകാലത്തും അവരുടെതായി നിലനിര്‍ത്താമെന്നാണ് വ്യാമോഹം. വനിതാ സംവരണം 2023-ല്‍ പാസാക്കിയപ്പോള്‍ തന്നെ നടപ്പിലാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണ്. നടപ്പിലാക്കാതിരുന്നത് ബിജെപിയാണ്. ആദ്യം സെന്‍സസ്, പിന്നെ മണ്ഡല പുനര്‍നിര്‍ണയം എന്നിട്ട് വനിതാ സംവരണം എന്ന ഉപാധിയുമായി വന്നത് അവരാണ്-കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: The Chief Minister issue should not be discussed in public; KC Venugopal rejects public reactions