

പടികള്‍ കയറുമ്പോള്‍ ശ്വാസതടസം ഉണ്ടാകുന്നുണ്ടോ? അസ്വസ്ഥത തോന്നുന്നുണ്ടോ? എന്നാല്‍ നിസ്സാരമായി തള്ളിക്കളയരുത്. വ്യായാമകുറവിന്റെയോ വാര്‍ധക്യത്തിന്റെയോ ലക്ഷണമായി പലരും ഇതിനെ കണക്കാക്കുകയാണ് ചെയ്യുന്നത്. പടികള്‍ കയറുമ്പോഴോ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യുമ്പോഴോ ഹൃദയം ആവശ്യത്തിന് രക്തം പമ്പ് ചെയ്യുന്നതില്‍ പരാജയപ്പെടും. അപ്പോള്‍ നടത്തം പോലുള്ള ചെറിയ പ്രവര്‍ത്തികള്‍ പോലും നിങ്ങളെ ക്ഷീണിതരാക്കിയേക്കാം. നെഞ്ചുവേദനയോ ബോധക്ഷയമോ ഉണ്ടാകുന്നതിന് മുന്‍പാണ് സാധാരണയായി ഇത്തരം ശ്വാസതടസ്സം അനുഭവപ്പെടുന്നത്. 'ആയോര്‍ട്ടിക് വാല്‍വ്' രോഗത്തിന്റെ ആദ്യ ക്ലിനിക്കല്‍ സൂചനയാകാം ഇതെന്ന് മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. സരിത ഗുലാത്തി പറയുന്നു.

ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയായ അയോര്‍ട്ടയ്ക്കും ഇടയിലാണ് അയോര്‍ട്ടിക് വാല്‍വ് സ്ഥിതി ചെയ്യുന്നത്.രക്തം എളുപ്പത്തില്‍ പുറത്തേക്ക് ഒഴുകാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണമായും തുറക്കുകയും തിരികെ രക്തത്തിന്റെ ഒഴുക്കിനെ തടയുന്നതിനായി ഇറുകെ അടയ്ക്കുകയും ചെയ്യുന്ന ജോലിയാണ് അയോര്‍ട്ടയ്ക്ക് ഉള്ളത്. ഹൃദയത്തിന്റെ 4 വാല്‍വുകളില്‍നിന്ന് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം ഹൃദയത്തില്‍നിന്ന് ശരീരത്തിലേക്ക് ഒഴുകാന്‍ സഹായിക്കുന്നു. ഈ വാല്‍വ് ശരിയായി തുറക്കാതിരിക്കുകയോ അടയാതിരിക്കുകയോ ചെയ്യുമ്പോള്‍ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും ഇതാണ് ശ്വാസം മുട്ടല്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണം.

ഡോ. ഗുലാത്തി പറയുന്നതനുസരിച്ച് അയോര്‍ട്ടിക് വാല്‍വ് രോഗം ഏറ്റവും സാധാരണവും ഗുരുതരവുമായ ഹൃദയ രോഗങ്ങളില്‍ ഒന്നാണ്. ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകും. ഇത് ഹൃദയസ്തംഭനത്തിലേക്കും പെട്ടെന്നുളള ഹൃദയാഘാത മരണത്തിലേക്കും നയിക്കുന്നു.
ഹൃദയാരോഗ്യം നില നിര്‍ത്താന്‍ ജീവിതശൈലി നിര്‍ണായകമായ പങ്ക് വഹിക്കുന്നു. കുറഞ്ഞ കൊളസ്‌ട്രോളും പൂരിത കൊഴുപ്പും ഉള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്യുക, രക്ത സമ്മര്‍ദ്ദം നിലനിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക, നല്ല ദന്താരോഗ്യം നിലനിര്‍ത്തുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക തുടങ്ങിയ ചില മാറ്റങ്ങള്‍ ജീവിത ശൈലിയില്‍ വരുത്തിയാല്‍ അത് ഗുണം ചെയ്യും.
Content Highlights : Do you feel shortness of breath or discomfort when climbing stairs? What is aortic valve disease, know