ആനന്ദിന്റെ മരണം; 'ഇത്തരം സംഭവങ്ങള്‍ മാനസിക വിഭ്രാന്തിയെത്തുടര്‍ന്ന്'; അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണന്‍

'അന്വേഷണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്'

ആനന്ദിന്റെ മരണം; 'ഇത്തരം സംഭവങ്ങള്‍ മാനസിക വിഭ്രാന്തിയെത്തുടര്‍ന്ന്'; അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണന്‍
dot image

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്‍.
ആത്മഹത്യ വ്യക്തിപരമാണെന്നും മാനസിക വിഭ്രാന്തിയെ തുടര്‍ന്നാണ് ഇത്തരം സംഭവങ്ങളെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

അന്വേഷണം നടത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വം കിട്ടാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യയെങ്കില്‍ താന്‍ 12 പ്രാവശ്യമെങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നുവെന്നും ഗോപാലകൃഷ്ണന്‍ പരിഹാസത്തോടെ പറഞ്ഞു. ഇതു കേട്ട് ഒപ്പമുള്ളവരും ചിരിക്കുന്നുണ്ട്.

ബിജെപിയുടെ നേതൃത്വത്തെക്കുറിച്ച് കെ മുരളീധരന്‍ ആശങ്കപ്പെടേണ്ടതിലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വം ആദ്യം ശരിയാക്കൂവെന്നും രാഹുല്‍ ഗാന്ധിയെയാണ് മുരളീധരന്‍ ഉപദേശിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പിൽ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിനെ തുടർന്ന് തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.

സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ആനന്ദ് തിരുമലയുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.

Content Highlights: BJP state vice president B Gopalakrishnan insults Anand Thirumala

dot image
To advertise here,contact us
dot image