

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തിരുമലയുടെ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടറിന്. ആര്‍എസ്എസിന് വേണ്ടി രണ്ട് പതിറ്റാണ്ടിലേറെ പണിയെടുത്തെന്നും ശരീരവും മനസും സമയവും പണവും സംഘടനയ്ക്ക് നല്‍കിയെന്നും സംഭാഷണത്തില്‍ പറയുന്നു. എന്നിട്ടാണ് ഈ പരിപാടി കാണിക്കുന്നത്. ഇത്രമാത്രം തന്നെ അപമാനിച്ചു. എത്ര കൊമ്പന്മാരായാലും പോരാടും. എന്ത് വിലകൊടുത്തും അഭിമാനം സംരക്ഷിക്കുമെന്നും ആനന്ദ് പറയുന്നു.
സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ആനന്ദ് ഇക്കാര്യങ്ങള്‍ പറയുന്നത്. മത്സരിക്കാന്‍ തീരുമാനിച്ചെന്നും ആനന്ദ് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. വീടിന് പിന്നിലെ ഷെഡില്‍ ആനന്ദിനെ അബോധാവസ്ഥയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആനന്ദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ എഴുതിയ ശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത്.
സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.
സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചപ്പോൾ ആർഎസ്എസ്, ബിജെപി പ്രവർത്തകരിൽ നിന്ന് വലിയ രീതിൽ മാനസിക സമ്മർദ്ദം ഉണ്ടായി. തന്റെ അടുത്ത സുഹൃത്തുക്കൾ പോലും തന്നിൽ നിന്ന് അകന്നുവെന്നും ആനന്ദ് തമ്പി പറഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആർഎസ്എസുകാരനായി ജീവിച്ചു എന്നതാണെന്ന് ആനന്ദ് തമ്പി കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
ആനന്ദ് തിരുമലയുടെ മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബിജെപി നേതാക്കളെ ചോദ്യംചെയ്യും. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാർ, നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസിന്റെ നഗർ കാര്യവാഹ് രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആനന്ദിന്റെ ഭാര്യയെയും അച്ഛനെയും ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകൾക്കുശേഷമായിരിക്കും ഇവരെ ചോദ്യം ചെയ്യുക.
Content Highlights: phone conversation of anand thirumala against rss