വൃത്തിക്ക് പല്ലു തേച്ചാൽ ഹൃദയം പിണങ്ങില്ല; വായ വില്ലനാകാതെ സൂക്ഷിക്കാം

ഹൃദയവും വായും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡോ. നിതേഷ് മോട്‌വാനി സംസാരിക്കുന്നത്.

വൃത്തിക്ക് പല്ലു തേച്ചാൽ ഹൃദയം പിണങ്ങില്ല; വായ വില്ലനാകാതെ സൂക്ഷിക്കാം
dot image

സുന്ദരമായ പല്ലുകളും നല്ലൊരു വായും ഉണ്ടെങ്കില്‍ പലതുണ്ട് ഗുണമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. നമ്മുടെ വായ വയറിന്റെ കണ്ണാടിയാണ് എന്നാണ് പൊതുവെ പറയുന്നത്. വായില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് വയറുമായി ബന്ധപ്പെട്ടതാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണാറുണ്ട്.

എന്നാല്‍ വായും വയറും തമ്മില്‍ മാത്രമല്ല വായും ഹൃദയവും തമ്മിലും വലിയ ബന്ധമുണ്ടെന്നാണ് ഡോ. നിതേഷ് മോട്‌വാനി പറയുന്നത്. ഓറല്‍ ആന്റ് മാക്‌സിലോഫേഷ്യല്‍ സര്‍ജനാണ് ഡോ. നിതേഷ് മോട്‌വാനി. പല്ലില്‍ കേടുകള്‍ വരാതിരിക്കാനോ ഭംഗിയായി ചിരിക്കാനോ മാത്രമല്ല ഹൃദയാരോഗ്യത്തിനും വായയുടെ നല്ല സ്ഥിതി നിര്‍ണായകമാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ. നിതേഷ് പറയുന്നത്.

'നമ്മുടെ ശരീരികാരോഗ്യത്തിന്റെ നില കാണിച്ചു തരുന്ന കണ്ണാടിയാണ് വായ എന്ന് ഡെന്റല്‍ സര്‍ജന്‍സ് എപ്പോഴും പറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പുതിയ പഠനങ്ങള്‍ പറയുന്നത് വായും ഹൃദയവും തമ്മില്‍ വലിയ ബന്ധമുണ്ട് എന്നാണ്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ വലിയ തോതിലാണ് മരണത്തിലേക്ക് ആളുകളെ നയിക്കുന്നത്. നിങ്ങള്‍ എങ്ങനെ വായ സൂക്ഷിക്കുന്നു എന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും,' ഡോ നിതേഷ് മോട്‌വാനി പറയുന്നു.

Brushing teeth

എന്താണ് വായും ഹൃദയവും തമ്മിലുള്ള കണക്ഷനെന്നും അദ്ദേഹം അഭിമുഖത്തില്‍ തുടര്‍ന്ന് പറയുന്നുണ്ട്. നമ്മുടെ എല്ലാവരുടെയും വായില്‍ ലക്ഷക്കണക്കിന് ബാക്ടീരിയ ഉണ്ട്. അവയില്‍ ഭൂരിഭാഗവും നിരുപദ്രവകാരികളാണെന്ന് മാത്രമല്ല ശരീരത്തിന് ഉപകാരമുള്ളവയും ആണ്. എന്നാല്‍ നമ്മള്‍ വായ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ ഇക്കൂട്ടത്തിലെ വില്ലന്‍ ബാക്ടീരിയയുടെ എണ്ണം കൂടിവരും. അത് മോണയില്‍ പഴുപ്പുണ്ടാക്കും. ജിഞ്ചിവൈറ്റിസ്, പീരിയോഡോണ്ടൈറ്റിസ് തുടങ്ങിയവ പല്ലുകളെ ബാധിക്കാന്‍ തുടങ്ങും.

ഇവ കാരണം ക്രോണിക് ഇന്‍ഫ്‌ളമേഷനുണ്ടാകും. ഇത് രക്തത്തിലേക്ക് ബാക്ടീരിയയും ഇന്‍ഫ്‌ളമേറ്ററി മോളിക്യൂള്‍സും കലരാന്‍ ഇടയാക്കും. രക്തക്കുഴലുകളിലൂടെ ഒഴുകുന്ന ഇവ അടിഞ്ഞു കൂടാനും തുടങ്ങും. അത് ആര്‍ട്ടീരിയില്‍ പ്ലാക്കിലേക്ക് നയിക്കും. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന ഇത്തരം തടസ്സങ്ങള്‍ ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും കാരണമാവുകയും ചെയ്യും. നിരവധി പഠനങ്ങളും വിദഗ്ധരും ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2016ല്‍ സ്വീഡനില്‍ നടന്ന ഒരു പഠനം നടന്നിരുന്നു. 8000 പേരെ പത്ത് വര്‍ഷത്തോളം നിരീക്ഷിച്ചായിരുന്നു ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഗുരുതരമായ പീരിയോഡോണ്ടൈറ്റിസ് ഉള്ളവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത 25 ശതമാനം കൂടുതലാണെന്നാണ് ഈ പഠനം കണ്ടെത്തിയത്. ഹാര്‍ഡ്‌വാര്‍ഡില്‍ നടത്തിയ പഠനപ്രകാരം വായില്‍ പ്രശ്ങ്ങളുള്ളവര്‍ക്ക് ഹൃദയാഘാതവും സ്‌ട്രോക്കും അടക്കമുള്ള കാര്‍ഡിയോവസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത മൂന്ന് മടങ്ങ് കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Heart attack

ഇത്തരത്തില്‍ നിരവധി പഠനങ്ങള്‍ സമീപകാലത്ത് നടന്നിട്ടുണ്ട്. വായിലെ പ്രശ്‌നങ്ങള്‍ നേരിട്ട് ഹൃദയത്തെ ബാധിക്കുന്നു എന്നും രോഗങ്ങളുണ്ടാക്കുന്നു എന്നതിനേക്കാള്‍ ഓറല്‍ ഇന്‍ഫ്‌ളമേഷന്‍ ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുകയും ഇത് ഹൃദയത്തിന് ദോഷകരമായിരിക്കും എന്നുമാണ് ഈ പഠനങ്ങള്‍ പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങള്‍ ഉള്ളവരില്‍ വായുടെ ആരോഗ്യം മോശമായാല്‍ സ്ഥിതികള്‍ കൂടുതല്‍ വഷളാകും. അതുപോലെ തന്നെ, വായ മികച്ച അവസ്ഥയിലാണെങ്കില്‍ ഹൃദയത്തിന് അത് ആശ്വാസമായിരിക്കുകയും ചെയ്യും.

Content Highlights: Gum problems will impact heart diseases

dot image
To advertise here,contact us
dot image