
താന്‍ നേരിട്ട ഭീകരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നര്‍ത്തകിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ്-എ രോഗബാധിതയായി ആശുപത്രിയില്‍ കിടന്നുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് കടന്നുപോയതെന്നും ദേവി ചന്ദന പറയുന്നു.
'ഒരു മാസം ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ എന്നുംപറഞ്ഞ് വെച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയില്‍ ചെന്നുകഴിഞ്ഞപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് മനസിലായത്. ലിവര്‍ എന്‍സൈമുകളൊക്കെ നന്നായി കൂടി. ഐസിയുവിലായി. ഇപ്പോള്‍ അസുഖം ഭേദമായി വരുന്നു.അങ്ങനെ ആശുപത്രിയില്‍ കിടന്നു.കൊവിഡ് വന്നപ്പോള്‍ കരുതി അതായിരിക്കും ഏറ്റവും വലിയ പ്രതിസന്ധിയെന്ന്. ആറ് മാസം കഴിഞ്ഞപ്പോള്‍ എച്ച് വണ്‍ എന്‍ വണ്‍ വന്നു. അപ്പോള്‍ തോന്നി കൊവിഡ് എത്രയോ ഭേദമായിരുന്നെന്ന്.
പക്ഷേ ഇത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ എവിടെ നിന്നാണ് കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറില്‍ കുടുംബവുമൊത്ത് പോയിരുന്നു. എല്ലാവരും കൂടിയാണ് പോയത്. അതുകഴിഞ്ഞ് മുംബയില്‍ എനിക്കൊരു ഫംഗ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെയാളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിംഗിന് പോയി. അതും ഒറ്റയ്ക്കായിരുന്നില്ല. എന്റെ 'ഭയങ്കര പ്രതിരോധശേഷി' കൊണ്ടാവാം എനിക്ക് മാത്രം അസുഖം വന്നത്'.
വിഡിയോയില്‍ ദേവി ചന്ദനയോടൊപ്പം ഭര്‍ത്താവ് കിഷോറും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയാറിന് അഡ്മിറ്റായതാണ്. അന്നൊക്കെ അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു. സംസാരമില്ല, എഴുന്നേല്‍ക്കില്ല. ഭക്ഷണം കഴിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദിക്കുന്നു. അതുകൊണ്ട് ഭക്ഷണം കാണുമ്പോള്‍ കഴിച്ചാല്‍ ഛര്‍ദിക്കുമോയെന്ന പേടി. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളര്‍. ബിലിറൂബിന്‍ 18 ആയി. എന്‍സൈംസൊക്കെ ആറായിരമൊക്കെയായി. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു 'സംഭവത്തെക്കുറിച്ച് കിഷോര്‍ പറഞ്ഞു.
ഈ അസുഖത്തിനെക്കുറിച്ച് ധാരണയില്ലായിരുന്നു. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയായി. ഐസിയുവില്‍ ഫോണ്‍ പറ്റില്ല. ഈ വീഡിയോയിലൂടെ ഞാന്‍ പറയാനുദ്ദേശിച്ചത് വേറൊന്നുമല്ല. പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ വെള്ളം, ഭക്ഷണം എന്നിവയൊക്കെ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ട്. തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒന്ന് കണ്‍ട്രോള്‍ ചെയ്യുക. അത്രയും ശുദ്ധിയായ വെള്ളം മാത്രം കുടിക്കുക , ഒരു ചെറിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എങ്കിലും എടുക്കുക. അവര്‍ ഓര്‍മിപ്പിച്ചു.
ഹെപ്പറ്റൈറ്റിസ്-എ വൈറസ് (എച്ച്എവി) മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ്. മലിനമായ ഭക്ഷണമോ വെളളമോ കഴിക്കുന്നതിലൂടെയാണ് അസുഖം ഉണ്ടാകുന്നത്. രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോഴും രോഗം പകരാന്‍ സാധ്യതയുണ്ട്. പനി, അസ്വാസ്ഥ്യം,ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിന് ഇരുണ്ടനിറം, കണ്ണുകള്‍ക്കും ചര്‍മ്മത്തിനും മഞ്ഞനിറം ഇവയൊക്കെ ലക്ഷണങ്ങളാണ്.
Content Highlights: What is the disease Hepatitis A that affected actress Devi Chandana?