ഉടമയുമായി വഴക്ക്; ഹെഡ് കോച്ചിനെ പുറത്താക്കി നോട്ടിങ്ഹാം ഫോറെസ്റ്റ്

21 മാസമാണ് ന്യൂനോ നോട്ടിങ്ഹാമിന്റെ ഹെഡ് കോച്ചായി ഉണ്ടായിരുന്നത്

ഉടമയുമായി വഴക്ക്; ഹെഡ് കോച്ചിനെ പുറത്താക്കി നോട്ടിങ്ഹാം ഫോറെസ്റ്റ്
dot image

പ്രധാന പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കി നോട്ടിങ്ഹാം ഫോറെസ്റ്റ്. ഇന്നലെ പാതിരാത്രിയാണ് കോച്ചിനെ മാറ്റിയ വിവരം ക്ലബ്ബ് പുറത്തവിടുന്നത്. 'വിജയകരമായ ഒരു കാലഘട്ടത്തിലെ ന്യൂനോയുടെ എല്ലാ സംഭാവനകൾക്കും നന്ദി' എന്ന് ക്ലബ്ബ് കുറിച്ചു. 21 മാസമാണ് ന്യൂനോ നോട്ടിങ്ഹാമിന്റെ ഹെഡ് കോച്ചായി ഉണ്ടായിരുന്നത്.

രണ്ട് ആഴ്ച മുമ്പ് ടീം ഉടമ ഇവാൻ ജെലോസ് മറിനാകിസുമായുള്ള തന്റെ ബന്ധം തെറ്റിയെന്ന് ന്യൂനോ പറഞ്ഞിരുന്നു. 'സമീപകാല സാഹചര്യങ്ങളെത്തുടർന്ന്, നുനോ എസ്പിരിറ്റോ സാന്റോയെ ഇന്ന് ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ഫുട്‌ബോൾ ക്ലബ് സ്ഥിരീകരിക്കുന്നു,' ക്ലബ് പറഞ്ഞു.

മുൻ കോച്ച് സ്റ്റീവ് കൂപ്പറിനെ പുറത്താക്കിയതിന് ശേഷം 2023 ഡിസംബറിലാണ് 51 കാരനായ ന്യൂനോയെ കോച്ചിങ് സ്ഥാനത്തേക്ക് നോട്ടിങ്ഹാം പരിഗണിച്ചത്. ക്ലബ്ബിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

കഴിഞ്ഞ സീസണിൽ ക്ലബ് പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനം സ്വന്തമാക്കി. 1994/95 ന് ശേഷമുള്ള അവരുടെ ഏറ്റവും ഉയർന്ന സ്ഥാനമായിരുന്നു ഇത്.

യുവേഫയുടെ മൾട്ടി ക്ലബ്ബ് ഓണർഷിപ്പ് നിയമങ്ങൾ തെറ്റിച്ചതിന് ക്രിസ്റ്റല്‍ പാലസിനെ തരംതാഴ്ത്തിയിരുന്നു. ഈ അവസരത്തിൽ കോൺഫറൻസ് ലീഗിന് പകരം യൂറോപ്പ ലീഗിലേക്ക് നോട്ടിങ്ഹാമിന് അവസരം ലഭിച്ചു. 30 വർഷത്തിനിടയിലെ അവരുടെ ആദ്യ യൂറോപ്യൻ ബെർത്തായിരുന്നു ഇത്.

Content Highlights- Nottingham Forest Sacked Head Coach Nuno Espirito Santo After Rift With Owner

dot image
To advertise here,contact us
dot image